'നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു പുല്ലുമില്ല': പൊലീസ് സമീപനം സഭ്യമല്ലാത്ത ഭാഷയിലെന്ന് വൈറ്റ്​ ഗാർഡ്സ് പ്രവർത്തകർ

സന്നദ്ധ സേവനത്തിനായി വരുന്ന ആളുകൾ വടികുത്തി നോക്കി നിൽക്കാനാണ് വരുന്നതെന്നും ജെ.സി.ബിയാണ് ഇവിടെ പണിയെടുക്കുന്നതെന്നും ഡിഐജി പറഞ്ഞതായി ആരോപണം

Update: 2024-08-04 09:26 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യമായി ഭക്ഷണം വിളമ്പിയ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ്സിന്റെ ഊട്ടുപുര പൂട്ടിച്ച സംഭവത്തിൽ വിവാദം പുകയുന്നു. ഡി.ഐ.ജി തോംസൺ ജോസ് സഭ്യമല്ലാത്ത രീതിയിലാണ് സംസാരിച്ചതെന്ന് വൈറ്റ്​ ഗാർഡ്സ് പ്രവർത്തകർ ആരോപിച്ചു.

നിങ്ങളുടെ ഭക്ഷണം ഇവിടെ കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു പുല്ലുമില്ല, ഒരു ചുക്കുമില്ല എന്ന തരത്തിൽ സഭ്യമല്ലാത്ത ഭാഷയിലായിരുന്നു അദ്ദേഹം സംസാരിച്ചതെന്ന് വൈറ്റ്​ ഗാർഡ്സ് പ്രവർത്തകൻ ഫൈസൽ പറഞ്ഞു. ഇവിടെ സന്നദ്ധസേവനത്തിന് വരുന്നവരൊക്കെ വടിയുംകുത്തി നോക്കി നിൽക്കാനായാണ് വരുന്നതെന്നും ഡി.ഐ.ജി പറഞ്ഞതായി ഫൈസൽ പറയുന്നു.

'ഭക്ഷണവുമായി പോയപ്പോൾ ഡി.ഐ.ജി വിളിപ്പിച്ചു. നിങ്ങളുടെ സേവനം ഇനി അവസാനിപ്പിക്കാമെന്നും ഇനി നിങ്ങളുടെ സേവനമോ ഭക്ഷണമോ ഞങ്ങൾക്കാവശ്യമില്ലെന്നും പറഞ്ഞു. റവന്യൂവിന്റെ ഭക്ഷണം ആവശ്യത്തിന് കിട്ടുന്നുണ്ട്. നിങ്ങളുടെ ഭക്ഷണം ഇവിടെ കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു ചുക്കുമില്ല, ഒരു പുല്ലുമില്ലെന്ന രീതിയിൽ സഭ്യമല്ലാത്ത തരത്തിലാണ് സംസാരിച്ചത്. അത് വേദനയുണ്ടാക്കി.' ഫൈസൽ പറയുന്നു.

'ഞങ്ങൾ ഇപ്പോൾ വേണമെങ്കിൽ ഇത് അവസാനിപ്പിക്കാൻ ഒരുക്കമാണ്. എന്നാൽ ഇവിടെയുള്ള സന്നദ്ധ സേവനം നടത്തുന്നവർക്കെല്ലാം ഭക്ഷണം കൃത്യസമയത്ത് എത്തിക്കുമെന്ന്  നിങ്ങൾക്ക് ഉറപ്പു നൽകാനാവണമെന്ന് ഡി.ഐ.ജിയോട് പറഞ്ഞു. എന്നാൽ  ഇവിടെ സന്നദ്ധ സേവനത്തിനായി വരുന്ന ആളുകൾ വടികുത്തി നോക്കി നിൽക്കാനാണ് വരുന്നതെന്നും ജെ.സി.ബിയാണ് ഇവിടെ പണിയെടുക്കുന്നതെന്നും പറഞ്ഞു. അവയ്ക്ക് ഭക്ഷണം നൽകേണ്ട ഉത്തരവാദിത്തം നിങ്ങൾക്കില്ലെന്നും ഡിഐജി പറ‍ഞ്ഞു.' ഫൈസൽ പറയുന്നു .

'എന്നാൽ ജെസിബി വന്നത് രണ്ട് ദിവസം മുമ്പാണ്. അതിന് മുമ്പ് ഈ ആളുകൾ ജീവൻ പണയം വെച്ചാണ് പ്രവർത്തിച്ചതെന്നും രക്ഷാപ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹത്തോട് പറഞ്ഞു. അതിനോട് അദ്ദേഹം പ്രതികരിച്ചില്ലെന്നും പുച്ഛഭാവത്തിൽ മുഖം തിരിച്ചെന്നും ഫൈസൽ വ്യക്തമാക്കി.

'രാവിലെ അഞ്ച് മുതൽ രാത്രി 12 വരെയാണ് വൈറ്റ്​ഗാർഡ്സിന്റെ ഊട്ടുപുരയിൽ ഭക്ഷണം നൽകുന്നത്. സന്നദ്ധസേവകർ, പൊലീസ്, ഫയർആന്റ് റെസ്‌ക്യു ടീം തുടങ്ങി എല്ലാവരും ഇവിടെ വന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. കൂടാതെ തിരച്ചിൽ മേഖലയിലേക്കും ഭക്ഷണം പൊതിഞ്ഞ് എത്തിക്കുന്നുണ്ട്. ഈ സേവനം ഞങ്ങൾ നടത്തിയത് വിവാദം ഉണ്ടാക്കാനല്ല. നല്ല ലക്ഷ്യത്തിനായിരുന്നു. അതിനാൽ തന്നെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചാൽ പ്രശ്‌നമില്ലായിരുന്നു. എന്നാൽ ഡി.ഐ.ജിയുടെ സമീപനം വേദനിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്ത പ്രതികരണമാണിത്'.- ഫൈസൽ പറഞ്ഞു.

അതേസമയം ഡി.ഐ.ജിയോട് മറുത്തൊന്നും പറഞ്ഞില്ലെന്നും സന്നദ്ധ സേവകരെ കുറിച്ച് പറഞ്ഞതും ഭക്ഷണത്തെ വിലകുറച്ച് കാണിച്ചതും മാത്രമാണ് പ്രശനമായി തോന്നിയതെന്നും ഇവർ പറയുന്നു.

Full View

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുര സർക്കാർ നിർദേശത്തെ തുടർന്നാണ് പൂട്ടേണ്ടിവന്നത്.

ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു. പിന്നാലെ മന്ത്രി പി.എ മുഹമ്മദ് റിയാസ് വിഷയത്തിൽ പ്രതികരിച്ചു. 'യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ, അതല്ലാത്തവക്ക് തടസ്സമില്ലെന്നാണ് മന്ത്രി പറഞ്ഞത്. ആശയക്കുഴപ്പമുണ്ടാക്കാൻ ആരോ ശ്രമിക്കുകകയാണെന്നും അത് വകവെക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോ‌ട്ടുപോക‌‌ണമെന്നും മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു.'വിഷയം സംഘാടകരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് പൊലീസ് തങ്ങളോട് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നാണ്, അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചിട്ടുളളതെങ്കിൽ അത് ശരിയല്ല, സർക്കാറിന്റെ നയത്തിന് വിരു​ദ്ധമായി ആരെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം'- മന്ത്രി കൂട്ടിച്ചേർത്തു.

എന്നാല്‍ സഹായിക്കാൻ വരുന്നവർ അത് നേരിട്ടല്ല ചെയ്യേണ്ടതെന്നും ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News