ആശങ്ക വേണ്ട; ചീരാലിൽ വേറെ കടുവകളില്ലെന്ന് വനംവകുപ്പ്
പശുക്കളെ ആക്രമിച്ച കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചു
വയനാട്: ചീരാലിൽ പശുക്കളെ ആക്രമിച്ച കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനംവകുപ്പ്. ജനവാസ മേഖലയിൽ വേറെ കടുവകളില്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്‌ന കരീം മീഡിയ വണിനോട് പറഞ്ഞു.
ചീരാലിൽ മാസങ്ങളായി ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയ കടുവ ഇന്നലെ പുലർച്ചയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ 9 പശുക്കളെയാണ് ആക്രമിച്ചത്. കടുവയെ സുല്‍ത്താന്‍ബത്തേരിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടുവയുടെ മുകൾഭാഗത്തെ ഇടതു ഭാഗത്തെ പല്ലിൽ ഒന്ന് നഷ്ടമായിട്ടുണ്ട്. സാധാരണ നാലു കോമ്പല്ലുകളാണ് കടുവയ്ക്കുണ്ടാകുക. ഈ നാലും ഉണ്ടെങ്കിൽ മാത്രമേ കടുവയ്ക്ക് ഇരപിടിക്കാനാകൂ.
ഇരപിടിക്കുമ്പോഴോ മറ്റ് ആക്രമണത്തിലോ ആയിരിക്കും ഈ പല്ല് നഷ്ടമായത്. ഈ അവസ്ഥയിൽ കാട്ടിലേക്ക് തുറന്നുവിട്ടാൽ കടുവ വീണ്ടും നാട്ടിലിറങ്ങി ഇരപിടിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. സാധാരണഗതിയിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കടുവകളെ കാട്ടിലേക്ക് തുറന്നുവിടുകയാണ് പതിവ്. എന്നാൽ, ഈ കടുവയെ കൂട്ടിലടച്ച് തന്നെ പരിപാലിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
പഴൂർ ജങ്ഷന് സമീപത്തായി പാട്ടവയൽ റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് നാട്ടുകാർ ഒടുവില്‍ കടുവയെ കണ്ടത്. ഇതോടെ പ്രദേശത്ത് ജനങ്ങൾ രാപ്പകൽ സമരം പ്രഖ്യാപിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ലൈവ് ക്യാമറകൾ അടക്കം കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും മുത്തങ്ങയിൽ നിന്നു കുങ്കിയാനകളെ എത്തിച്ചും വനംവകുപ്പ് നടത്തിയ തിരച്ചിലിനൊടുവിലാണ് കടുവ കൂട്ടിലായത്.