പല്ലില്ല; ചീരാലിൽ പിടിയിലായ കടുവയെ കാട്ടിലേക്ക് തുറന്ന് വിടില്ലെന്ന് വനം വകുപ്പ്

സാധാരണഗതിയിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കടുവകളെ കാട്ടിലേക്ക് തുറന്ന് വിടാറാണ് പതിവ്

Update: 2022-10-28 05:51 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: ചീരാലിൽ മാസങ്ങളായി ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയ കടുവ ഇന്ന് പുലർച്ചെയാണ് കൂട്ടിലായത്. . പഴൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന്  മൂന്നരയോടെയാണ് കടുവ കുടുങ്ങിയത്. 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ 9 പശുക്കളെ കൊന്നിരുന്നു.

 കടുവയെ സുല്‍ത്താന്‍ബത്തേരിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, കടുവയുടെ മുകൾഭാഗത്തെ ഇടതു ഭാഗത്തെ പല്ലിൽ ഒന്ന് നഷ്ടമായിരിക്കുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. സാധാരണ നാലു കോമ്പല്ലുകളാണ് കടുവയ്ക്കുണ്ടാകുക. ഈ നാലും ഉണ്ടെങ്കിൽ മാത്രമേ കടുവയ്ക്ക് ഇരപിടിക്കാനാവൂ. ഇരപിടിക്കുമ്പോഴോ മറ്റ് ആക്രമണത്തിലോ ആയിരിക്കും ഈ പല്ല് നഷ്ടമായത്. ഈ അവസ്ഥയിൽ കാട്ടിലേക്ക് തുറന്നുവിട്ടാൽ കടുവ വീണ്ടും നാട്ടിലിറങ്ങി ഇരപിടിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടോ എന്ന പരിശോധനയും വനം വകുപ്പ് നടത്തും. സാധാരണഗതിയിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കടുവകളെ കാട്ടിലേക്ക് തുറന്ന് വിടാറാണ് പതിവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ കടുവയെ കൂട്ടിലടച്ച് തന്നെ പരിപാലിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

പഴൂർ ജങ്ഷന് സമീപത്തായി പാട്ടവയൽ റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് നാട്ടുകാർ ഒടുവില്‍ കടുവയെ കണ്ടത്. ഇതോടെ പ്രദേശത്ത് രാപ്പകൽ സമരം പ്രഖ്യാപിച്ച ജനങ്ങൾ, മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഇന്നലെ സമരം അവസാനിപ്പിക്കുകയായിരുന്നു.

ലൈവ് ക്യാമറകൾ അടക്കം കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും മുത്തങ്ങയിൽ നിന്നു കുങ്കിയാനകളെ എത്തിച്ചും വനംവകുപ്പ് കടുവക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു. 


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News