കരിന്തളം വ്യാജ രേഖ കേസ്; വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്
വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീലേശ്വരം പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
കാസർകോട്: കരിന്തളം വ്യാജ രേഖ കേസിൽ കെ.വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങങ്ങളാണ് കണ്ടെത്തിയത്. പൊലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസ് വീണ്ടും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.
വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീലേശ്വരം പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 30ാം തീയതി ഹാജരാകണം എന്ന വ്യവസ്ഥയിൽ അന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കോടതിയിൽ ഹാജരായപ്പോൾ ജാമ്യാപേക്ഷ ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റി വയ്ക്കുകയായിരുന്നു.
ഐപിസി 201 തെളിവ് നശിപ്പിക്കൽ, ഐപിസി 468- വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണിപ്പോൾ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. സമാനമായി അട്ടപ്പാടിയിലുണ്ടായിരുന്ന കേസിൽ ജാമ്യം ലഭിച്ചതിനാൽ ജാമ്യം വേണം എന്നതാണ് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. എന്നാൽ കരിന്തളത്ത് ജോലി ചെയ്യുകയും സർക്കാർ ശമ്പളം പറ്റുകയും ചെയ്തതിനാൽ ജാമ്യം നൽകേണ്ടെന്ന നിലപാടാണ് പൊലീസിന്.