കേരളത്തിലെ പൊലീസുകാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി: ജേക്കബ് പുന്നൂസ്
യോഗ്യരായവര്‍ക്കെല്ലാം 15 കൊല്ലത്തില്‍ ഹെഡ്കോൺസ്റ്റബിൾ റാങ്കും 23 കൊല്ലത്തില്‍ എഎസ്‌ഐ റാങ്കും ഇന്ത്യയില്‍ ആദ്യമായി നല്‍കിയ വ്യക്തി. ഇന്ന് പോലീസിനെ വിളിക്കുന്ന സിവില്‍ പോലീസ്ഓഫീസര്‍ എന്ന വിളിപ്പേര് പോലീസിനു നല്‍കിയതും കോടിയേരി ആണ്.
തിരുവനന്തപുരം: കേരളത്തിലെ പൊലീസുകാർക്ക് ഒരിക്കലും മറക്കാനാവാത്ത ആഭ്യന്തരമന്ത്രിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനയിൽ നടപ്പാക്കിയ നവീകരണങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അനുസ്മരണക്കുറിപ്പിന്റെ പൂർണരൂപം:
അതീവദുഃഖത്തോടെയാണീ വാക്കുകള്‍ കുറിയ്ക്കുന്നത്.കേരളജനതയ്ക്കും കേരളത്തിലെ പോലീസുകാര്‍ക്കുംഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്‍സ്റ്റബിള്‍ ആയിച്ചേര്‍ന്ന ഭൂരിഭാഗം പോലീസുകാരും 30 വര്‍ഷം സേവനം ചെയ്തു കോണ്‍സ്റ്റബിള്‍ ആയിത്തന്നെ റിട്ടയര്‍ ചെയ്യുന്ന പരിതാപകരമായ അവസ്ഥയില്‍നിന്നു, യോഗ്യരായവര്‍ക്കെല്ലാം 15 കൊല്ലത്തില്‍ ഹെഡ്കോൺസ്റ്റബിൾ റാങ്കും 23കൊല്ലത്തില്‍ എഎസ്‌ഐ റാങ്കും ഇന്ത്യയില്‍ ആദ്യമായി നല്‍കിയ വ്യക്തി.
അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പോലീസുവഴി പോലീസുകാര്‍ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ്‌പോലീസ് കേഡറ്റ് പദ്ധതി വഴി പോലീസുകാര്‍ കുട്ടികള്‍ക്ക്അദ്ധ്യാപകരായും അധ്യാപകര്‍ സ്‌കൂളിലെ പോലീസ്ഉദ്യോഗസ്ഥരും ആയും മാറി.
ശബരിമലയില്‍ വെർച്വൽ ക്യൂ തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന് പോലീസിനെ വിളിക്കുന്ന സിവില്‍ പോലീസ്ഓഫീസര്‍ എന്ന വിളിപ്പേര് പോലീസിനു നല്‍കിയത് കോടിയേരി ആണ്.
എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടര്‍ നല്‍കി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നല്‍കി, പോലീസിന്റെ കമ്പ്യൂട്ടര്‍വല്‍കരണം ജനങ്ങള്‍ക്ക്അനുഭവ വേദ്യമാക്കിയതും അദ്ദേഹം. ട്രാഫിക്‌ബോധവല്‍ക്കരണത്തിന്, ഒരു പക്ഷേ ലോകത്തില്‍ ആദ്യമായി, ഒരു Mascot. 'പപ്പു സീബ്ര ' കേരളത്തില്‍ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി. മൊബൈല്‍ഫോണ്‍ എന്നത് മുതിർന്ന ഉദ്യോഗസ്ഥരുടെവിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ല്‍, ഇന്ത്യയില്‍ ആദ്യമായി,സ്റ്റേഷനുകളില്‍ ജോലിഎടുക്കുന്ന പോലീസുകാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഔദ്യോഗിക mobile connectionനല്‍കിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓര്‍ക്കുന്നു.
അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും.
പോലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയര്‍ത്തുന്നതില്‍ അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയാണ് നമ്മെവിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീവേര്‍പാട്...അഭിവാദനങ്ങള്‍...