നാലുപേർ ഒരു മണിക്കൂർ പത്തടി താഴെ മണ്ണിനടിയിൽ, രണ്ടുപേരുടെ തല മാത്രം പുറത്ത്; കളമശ്ശേരിയിൽ കണ്ണീർക്കാഴ്ച
നാലു തൊഴിലാളികളെ പുറത്തെടുത്ത് തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അതിഥി തൊഴിലാളികളായ നാലുപേർ മണ്ണിനടിയിൽ കിടന്നത് ഒരു മണിക്കൂർ. കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം നടന്നത്. പത്തോളം അടി താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടന്നിരുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്താനെത്തിയെങ്കിലും യന്ത്രസഹായം പൂർണമായി ഉപയോഗിക്കാൻ നിവൃത്തിയില്ലായിരുന്നു. മണ്ണിനടിയിൽ പെട്ടവരെ ജീവനോടെ പുറത്തെടുക്കാനായിരുന്നു ശ്രമം. തല മണ്ണിനടിയിൽപ്പെടാതിരുന്ന രണ്ടുപേരെ ആദ്യം തന്നെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടർന്നു. പത്തു അഗ്നിശമന സേനാ വാഹനങ്ങളിലെ ജീവനക്കാരും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ഒരു മെയ്യോടെ പ്രവർത്തിച്ചു.
ഓരോ തൊഴിലാളികളെയും പുറത്തെടുത്ത് തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തേക്ക് അഗ്നിശമന സേനയും പൊലീസും എത്തുന്നത് കണ്ട് ആദ്യം എത്തിയത് മീഡിയവൺ സംഘമായിരുന്നു. എന്നാൽ സ്വകാര്യ സ്ഥലത്തേക്ക് പ്രവേശനം ലഭിച്ചില്ല. പിന്നീട് നാട്ടുകാർ ഇടപെട്ടതോടെ മാധ്യമപ്രവർത്തകർ അകത്തുകയറി. കണ്ണീരൊഴുക്കിയിരിക്കുന്ന അതിഥി തൊഴിലാളികളെയാണ് ആദ്യം അവർ കണ്ടത്. ഇതോടെ വലിയ അപകടം നടന്നത് തിരിച്ചറിയുകയായിരുന്നു.
പശ്ചിമബംഗാൾ സ്വദേശികളായ ഫൈജുൽ മണ്ഡൽ, കുദൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നുറാമിൻ മണ്ഡൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പൂർണമായും മണ്ണിനടിയിൽ അകപ്പെട്ട ഇവരെ പുറത്തെടുത്തപ്പോൾ തന്നെ മരണപ്പെട്ട നിലയിലായിരുന്നു. തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ ഏഴു തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിരുന്നത്. ഇവരിൽ തല മണ്ണിനടിയിൽ പെടാതിരുന്നതിനാൽ ശ്വസിക്കാനായ രണ്ടുപേരെ ഉടൻ പുറത്തെടുത്തിരുന്നു. ഇതിൽ സിയാവുൽ മണ്ഡൽ ആശുപത്രി വിട്ടു, ഫാറൂഖ് മണ്ഡൽ ചെറിയ പരിക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
കെട്ടിടത്തിന്റെ അടിത്തറ സ്ഥാപിക്കാനായി മണ്ണുമാന്തി യന്ത്രം കൊണ്ട് പണിയെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടിരിക്കുന്നത്. ഇളക്കിടന്ന മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. 25 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരിൽ 18 പേർ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് അതിഥി തൊഴിലാളികൾ പറയുന്നത്. ഉച്ച ഭക്ഷണത്തിന്റെ സമയമായതിനാൽ കൂടുതൽ പേർ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു.
Four guest workers who died in a landslide in Ernakulam Kalamassery Electronic City lay under the ground for an hour.