കരിപ്പൂരില്‍ രണ്ടു കോടിയുടെ സ്വര്‍ണവുമായി നാലുപേര്‍ പിടിയില്‍
മൂന്നര കിലോ സ്വർണമാണ് നാലു പേരിൽ നിന്നായി പിടികൂടിയത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി. നാല് യാത്രക്കാരിൽ നിന്നായി മൂന്നര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
ഹാൻഡ് ബാഗേജിലും, സോക്‌സിനുള്ളിലും, ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശി റഹ്മാൻ, മലപ്പുറം കരുളായി സ്വദേശി മുഹമ്മദ് ഉവൈസ്, കോഴിക്കോട് കൂടരഞ്ഞി സ്വദേശി വിജിത്, മലപ്പുറം ഒഴുകൂർ സ്വദേശി ഷഫീഖ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്.
മിശ്രിത രൂപത്തിലാക്കിയ സ്വർണം, ശരീരത്തിൽ ഒളിപ്പിച്ചും, ഹാൻഡ് ബാഗേജിനുള്ളിലാക്കിയും, ധരിച്ച സോക്‌സിനുള്ളിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്. നാല് പേരിൽ നിന്നായി 4122 ഗ്രാം സ്വർണ്ണമിശ്രിതം കണ്ടെത്തി. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് കോടി രൂപ വിലമതിക്കുന്ന മൂന്നര കിലോയോളം സ്വർണമാണ് മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. നാല് കേസുകളിലും കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നടക്കമാണ് അന്വേഷിക്കുന്നത്. .