എ സർട്ടിഫിക്കറ്റുള്ള ‘ദി കേരള സ്റ്റോറി’ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു; ഇടുക്കി അതിരൂപതക്കെതിരെ പരാതി

ഫ്രറ്റേണിറ്റി മൂവ്മെന്റാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതി നൽകിയത്

Update: 2024-04-09 12:58 GMT
Advertising

തിരുവനന്തപുരം: സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ 'ദി കേരള സ്റ്റോറി' എന്ന വിവാദ ചിത്രം ഇടുക്കി അതിരൂപതക്ക് കീഴിലുള്ള പള്ളികളിലെ വേദപഠന ക്ലാസിന്റെ ഭാഗമായി 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സന് പരാതി നൽകി. കേരളത്തിനെതിരെയും ഒരു മത വിഭാഗത്തിനെതിരെയും വംശീയ വിദ്വേഷവും വ്യാജ പ്രചരണവും നടത്തി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

അഡൽറ്റ് ഒൺലി സർട്ടിഫിക്കറ്റ് നൽകപ്പെട്ട ചിത്രം 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഇടുക്കി അതിരൂപതക്ക് കീഴിലുള്ള പള്ളികളിലെ വേദപഠന ക്ലാസിന്റെ ഭാഗമായി പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി 'ദി കേരള സ്റ്റോറി' ചിത്രം പ്രദർശിപ്പിച്ചത്. കേരളത്തിനെതിരെയും ഒരു മതസാമൂഹിക വിഭാഗത്തിനെതിരെയും വംശീയ വിദ്വേഷവും വ്യാജപ്രചാരണവും നടത്തുന്ന സിനിമക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും സിനിമ നിരോധിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇടുക്കി അതിരൂപതാ ഭാരവാഹികൾ കുട്ടികൾക്കായുള്ള പ്രദർശനത്തെ ന്യായീകരിക്കുന്നത്.

എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്ന സെൻസർ ബോർഡിന്റെ നിയമത്തെയാണ് രൂപത ലംഘിച്ചത്. കൗമാരക്കാർക്കിടയിൽ വംശീയമായ വേർതിരിവും മതവിദ്വേഷവും സൃഷ്ടിക്കുക എന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമെന്ന നിലയിൽ 2024 ഏപ്രിൽ നാലിന് ഇടുക്കി അതിരൂപതയുടെ കാർമ്മികത്വത്തിൽ നടന്ന ഈ സിനിമ പ്രദർശനം അങ്ങേയറ്റം ഗൗരവമുള്ളതാണ്.

എ സർട്ടിഫിക്കറ്റ് ലഭിച്ച 'ദി കേരള സ്റ്റോറി' 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഇടുക്കി അതിരൂപതയുടെ ഭാരവാഹികൾ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരിൽ ബാലവാകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News