'വിവ കേരളം'- വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്'; അനീമിയ മുക്ത കേരളത്തിനായി ആരോഗ്യ വകുപ്പ്

കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Update: 2023-02-04 16:03 GMT
Editor : abs | By : Web Desk

അനീമിയ

Advertising

തിരുവനന്തപുരം: വിളർച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വലിയ ജനപങ്കാളിത്തത്തോടെയാണ് വിവ കേരളം കാമ്പയിൻ നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്ക്കരണവും ലക്ഷ്യമിടുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുമായ സ്ത്രീകളിൽ പോലും അനീമിയ കാണുന്നുണ്ട്. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടിലേക്കും നയിക്കും. ഇതിൽ നിന്നും മുക്തി നേടിയാൽ വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യത്തോടൊപ്പം സമൂഹത്തിന്റെ പുരോഗതിയ്ക്കും ഉത്പ്പാദനക്ഷമത വർധിപ്പിക്കാനും സാധിക്കും. അതിനാൽ എല്ലാവരും ഈ കാമ്പയിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ദേശീയ കുടുംബാരോഗ്യ സർവേ അനുസരിച്ച് ഇന്ത്യയിൽ അനീമിയയുടെ തോത് 40 ശതമാനത്തിൽ താഴെയുള്ള ഏക സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ വിളർച്ച മുക്ത കേരളമാക്കാനാണ് ലക്ഷ്യമിടുന്നത്. രക്തക്കുറവ് പരിഹരിക്കാനായി അയൺ സമ്പുഷ്ടമായ ഭക്ഷണം, അങ്കണവാടികളിലും സ്‌കൂളുകളിലും അയൺ ഗുളികകൾ നൽകുക, വിരശല്യം ഒഴിവാക്കുക, ശക്തമായ ബോധവത്ക്കരണം എന്നിവയും ലക്ഷ്യമിടുന്നു. ഇത്തരം ഇടപെടലുകളിലൂടെ വിളർച്ചയിൽ നിന്നും മുക്തി നേടാൻ സാധിക്കും.

എന്താണ് അനീമിയ?

കൗമാരക്കാരായ പെൺകുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽ കുറയുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്സിജനെ എത്തിക്കുന്നത് ഹീമോഗ്ലോബിന്റെ സഹായത്തോടെയാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ രക്തത്തിന് ഓക്സിജനെ വഹിക്കുവാനുള്ള കഴിവ് കുറയുന്നു.

രോഗ ലക്ഷണങ്ങൾ

വിളറിയ ചർമ്മം, കൺപോളകൾ, ചുണ്ട്, മോണ, നഖങ്ങൾ, കൈകൾ എന്നിവ, ലഘുവോ കഠിനമോ ആയ ക്ഷീണം, ഉത്സാഹമില്ലായ്മ, തലവേദന, തലകറക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

അപകട സാധ്യതകൾ

ഗർഭിണികളിൽ പ്രസവ സമയത്ത് അമിതരക്തസ്രാവം, കുഞ്ഞുങ്ങളിൽ തൂക്കക്കുറവ്, പ്രസവ സമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണി എന്നിവ അനീമിയ കൊണ്ടുണ്ടാക്കാം. മുതിർന്നവരിൽ ക്രമം തെറ്റിയ ആർത്തവം, ക്ഷീണം, കിതപ്പ്, ജോലി ചെയ്യുവാൻ ബുദ്ധിമുട്ട് എന്നിവയും കൗമാരപ്രായക്കാരിൽ ക്ഷീണം, തളർച്ച, തലവേദന, ക്രമം തെറ്റിയ ആർത്തവം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതാവുക, പഠന - പഠനേതര പ്രവർത്തനങ്ങളിൽ പിന്നാക്കം പോവുക എന്നിവയുണ്ടാക്കാം. കുട്ടികളിൽ വളർച്ച, മുരടിപ്പ്, കായികശേഷി കുറവ്, ക്ഷീണം, രോഗപ്രതിരോധ ശേഷി കുറഞ്ഞ് ഇടവിട്ട് രോഗബാധയുണ്ടാകുക എന്നിവയും ഉണ്ടാക്കാം. ഇവ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഇത്തരം സങ്കീർണതകളിൽ നിന്നും മോചനം നേടാവുന്നതാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News