സ്‌കൂൾ പാചകപ്പുരയിൽ നിന്ന് അക്ഷരലോകത്തേക്ക്; ഇത് അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്ത ജൂലിയുടെ കഥ...
അസംബ്ലിയിൽ തന്‍റെ സഹപാഠികളായ കുട്ടികൾക്ക് മുന്നിൽ ആദ്യമായി പത്രം വായിച്ചപ്പോള്‍ ജൂലി പൊട്ടിക്കരഞ്ഞു
കണ്ണൂർ: ഒരു സ്‌കൂളിന്റെ പാചകപ്പുരയിൽ നിന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് എത്ര ദൂരമുണ്ടാകും. കണ്ണൂർ ചിറക്കൽ കുളം മദ്രസ മഅദനിയ എൽ പി സ്‌കൂളിലെ പാചക തൊഴിലാളി ജൂലിക്ക് അത് സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കുളള ദൂരം കൂടിയാണ്.എഴുത്തും വായനയും അറിയാതിരുന്ന ജൂലി ജോലി സമയം കഴിഞ്ഞ് നേരെ പോയത് ക്ലാസ് മുറിയിലേക്കാണ്. വിദ്യാർഥികൾക്കൊപ്പം ക്ലാസ് മുറിയിലിരുന്ന് ജൂലി അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്തു.
കഴിഞ്ഞ ആറ് വർഷമായി സിറ്റി ചിറക്കൽ കുളം അബൂസാലി മെമ്മോറിയൽ മദ്രസ മാ അദനിയ എൽ പി സ്‌കൂളിലെ പാചക തൊഴിലാളിയാണ് ജൂലി. സാഹചര്യങ്ങൾ പ്രതികൂലമായത് കൊണ്ട് സ്‌കൂളിൽ പോകാനോ പഠിക്കാനോ കഴിഞ്ഞില്ല. എഴുത്തും വായനയും പഠിക്കണമെന്ന ആഗ്രഹം ഏറെ കാലമായി മനസിലുണ്ട്. ഈ ആഗ്രഹം അറിഞ്ഞ സ്‌കൂളിലെ പ്രധാനാധ്യപിക ആണ് ജൂലിയെ ക്ലാസ് മുറിയിലേക്ക് കൂട്ടിപ്പോയത്
ഒന്നര മാസം കൊണ്ട് ജൂലി എഴുത്തും വായനയും സ്വായത്തമാക്കി.അങ്ങനെ അസംബ്ലിയിൽ തൻറെ സഹപാഠികളായ കുട്ടികൾക്ക് മുന്നിൽ ആദ്യമായി പത്രം വായിച്ചു. പത്ര പാരായണം നടത്തിയ ശേഷം ജൂലി പൊട്ടിക്കരഞ്ഞു. കുട്ടികളെല്ലാവരും ജൂലിചേച്ചിക്ക് വേണ്ടി കൈയടിച്ചു. തുടർന്ന് സ്‌കൂൾ പ്രധാനധ്യാപിക ജൂലിക്ക് വാച്ച് സമ്മാനമായി നൽകുകയും ചെയ്തു.
കഥ ഇവിടെ അവസാനിക്കുന്നില്ല,നാളെ മുതൽ ജൂലി ചേച്ചി ഇംഗ്ലീഷ് പഠിച്ച് തുടങ്ങുകയാണ്.എഴുതാനും വായിക്കാനും പഠിക്കണം,ഇംഗ്ലീഷിൽ സ്വന്തം പേരെഴുതണം. അതാണ് ജൂലിയുടെ അടുത്ത ലക്ഷ്യം.