ഇലക്ട്രിക് ബസ് വിവാദം; സി.പി.എം ഇടപെട്ടതോടെ പ്രതിരോധത്തിലായി ഗണേഷ് കുമാര്‍
തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ ബസിന്‍റെ കൃത്യമായ വരവ് ചെലവ് കണക്ക് പഠിക്കാതെയാണ് മന്ത്രി നിലപാടെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം
തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ സി.പി.എം ഇടപെട്ടതോടെ പ്രതിരോധത്തിലായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ ബസിന്‍റെ കൃത്യമായ വരവ് ചെലവ് കണക്ക് പഠിക്കാതെയാണ് മന്ത്രി നിലപാടെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം. സിറ്റി സര്‍ക്കുലറിന്‍റെ മുഴുവന്‍ വിവരങ്ങളും ചൊവ്വാഴ്ച കെ.എസ്.ആര്‍ടി.സി മന്ത്രിക്ക് കൈമാറും.
സത്യപ്രതിജ്ഞ ചെയ്ത് രണ്ടര ആഴ്ച ആകുമ്പോഴേക്കും വിവാദത്തിന്‍റെ ഇലക്ട്രിക് ഷോക്കിലാണ് മന്ത്രി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസിനോടുള്ള ഗാതഗത മന്ത്രിയുടെ സമീപനം വലിയ രീതിയില്‍ എതിര്‍പ്പ് ക്ഷണിച്ചു വരുത്തി. പത്ത് രൂപക്ക് തലസ്ഥാന നഗരത്തിലോടുന്ന ഇലക്ട്രിക് ബസിനെ ജനം സ്വീകരിച്ചെന്ന് ആദ്യം പ്രതികരിച്ചത് സി.പി.എം.എം.എല്‍എയായ വി.കെ പ്രശാന്താണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രിയെ തള്ളിപ്പറഞ്ഞതോടെ ഇലക്ര്ടിക് വിവാദത്തില്‍ ഗണേഷ് ഒറ്റപ്പെട്ടു.
തിരുവനന്തപുരം നഗരത്തെ കാര്‍ബണ്‍ ന്യൂട്രല്‍ നഗരമാക്കാനുള്ള ശ്രമത്തില്‍ എല്ലാവരും ഒരുമിച്ച് പോകണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും അഭിപ്രായം രേഖപ്പെടുത്തി. മുന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതി, കിഫ്ബി ഫണ്ട് എന്നിവ വഴി വാങ്ങിയ 110 ഇലക്ട്രിക് ബസുകളാണ് സിറ്റി സര്‍ക്കുലര്‍, പോയിന്‍റ് ടു പോയിന്‍റ് എന്നീ സര്‍വീസുകള്‍ നഗരത്തില്‍ നടത്തുന്നത്. പ്രതിദിനം 6 മുതല്‍ 7 ലക്ഷം രൂപവരെ വരുമാനം ലഭിക്കും. യൂണിറ്റിന് 7.60രൂപയാണ് വൈദ്യുതി ചാര്‍ജ്. എല്ലാ ചെലവും പോയിട്ട് മാസം 38 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. വിശദമായ കണക്ക് ചൊവ്വാഴ്ച ഗതാഗത മന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ട് പഠിച്ച് മന്ത്രി നിലപാട് മാറ്റാനാണ് സാധ്യത. മുഖ്യമന്ത്രിയെയും ഗണേഷ് കുമാര്‍ കാണും.