ഗണേഷ് കുമാറിന് സിനിമാ വകുപ്പില്ല, ഗതാഗതം മാത്രം; തീരുമാനമെടുത്ത് സിപിഎം
സിപിഎമ്മിന്റെ കയ്യിലുള്ള വകുപ്പ് നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
തിരുവനന്തപുരം: കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ല. ഗതാഗത വകുപ്പ് മാത്രം നൽകാൻ തീരുമാനം. സിപിഎമ്മിന്റെ കയ്യിലുള്ള വകുപ്പ് നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
നിലവിൽ സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാനാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമാ വകുപ്പ് കൂടി നൽകണമെന്ന് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ന് രാവിലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്യുകയും ഒരു ചെറിയ കക്ഷിക്ക് സിപിഎമ്മിന്റെ വകുപ്പ് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഇക്കാര്യം ഔദ്യോഗികമായി ഗവർണറെ അറിയിക്കും.
ഇന്ന് വൈകിട്ട് നാലുമണിക്കാണ് കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിയിലാണ് സത്യപ്രതിജ്ഞ. ഇടത് മുന്നണിയുടെ മുന്‍ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ചത്. പകരം കേരള കോണ്‍ഗ്രസ് ബിയുടെ കെ.ബി ഗണേഷ് കുമാറിനെയും കോണ്‍ഗ്രസ് എസിന്‍റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാനാണ് മുന്നണി തീരുമാനിച്ചത്.
ആന്‍റണി രാജു ഒഴിഞ്ഞ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർ കോവില്‍ ഒഴിഞ്ഞ തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിക്കും.