'എഡിഎം കൈക്കൂലി ചോദിച്ചിട്ടില്ല, അങ്ങനെ ഒരു മനോഭാവം പ്രകടിപ്പിച്ചിട്ടില്ല'; ദിവ്യയുടെ പരാമർശങ്ങൾ നിഷേധിച്ച് ഗംഗാധരൻ
ഗംഗാധരൻ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതായി പി. പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു
കണ്ണൂർ: മുൻകൂർ ജാമ്യാപേക്ഷയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാമർശങ്ങൾ നിഷേധിച്ച് കെ. ഗംഗധരൻ. എഡിഎമ്മിനെതിരെ അഴിമതിയാരോപിച്ച് ഗംഗാധരൻ പരാതി നൽകിയെന്നായിരുന്നു ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.
എന്നാൽ എഡിഎം നവീൻ ബാബുവിനെതിരെ വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്നും പക്ഷെ നവീൻ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും ഗംഗാധരൻ പറഞ്ഞു. അങ്ങനെ ഒരു മനോഭാവവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും ഗംഗാധരൻ പറഞ്ഞു. പെട്രോൾ പമ്പ് വിവാദവും തന്റെ പരാതിയും വ്യത്യസ്തമാണെന്നും റിട്ട. അധ്യാപകൻ കൂടിയായ ഗംഗാധരൻ പറഞ്ഞു.
എഡിഎം അടക്കമുള്ള റവന്യു ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിൽ പരാതി നൽകിയത് മറ്റൊരു കാര്യത്തിനാണ്. അത് അഴിമതി ആരോപണത്തിനല്ല. സ്ഥലം മണ്ണിട്ട് നികത്തുന്നതിന് അനുമതി തേടിയാണ് എഡിഎമ്മിനെ സമീപിച്ചത്. അതിൽ കാലതാമസമുണ്ടായി. സുഹൃത്തായ ദിവ്യയോട് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നുവെന്നും ഗംഗാധരൻ മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിന് കൈക്കൂലി നൽകിയതായി വി.ടി പ്രശാന്ത് തന്നോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഗംഗാധരൻ എന്നയാളും സമാന ആക്ഷേപം തന്നോട് പറഞ്ഞിരുന്നു. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നതായി വിമർശനവും എഡിഎമ്മിനെതിരെ ഉണ്ടായിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യയുടെ വാദം ഇങ്ങനെയാണ്.