ദുരന്തഭൂമി പഠിക്കാൻ ഭൗമശാസ്ത്രസംഘം ഇന്ന് മുണ്ടക്കൈയിൽ; ചാലിയാറില്‍ ജനകീയ തിരച്ചില്‍ തുടങ്ങി

ഉരുൾപൊട്ടൽ കാരണവും പുനരധിവാസ സാധ്യതയുമടക്കം സംഘം പഠിക്കും

Update: 2024-08-13 06:01 GMT
Editor : Shaheer | By : Web Desk
Advertising

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച ഭൂമിയിൽ പഠനം നടത്താൻ ഭൗമശാസ്ത്രസംഘം ഇന്ന് മുണ്ടക്കൈയിലെത്തും. ഉരുൾപൊട്ടൽ കാരണവും പുനരധിവാസ സാധ്യതയുമടക്കം സംഘം പഠിക്കും. തകരാത്ത വീടുകളിലുള്ളവരുടെ പുനരധിവാസത്തിലടക്കം സംഘത്തിന്റെ പഠനം നിർണായകമായേക്കും.

അതിനിടെ, ദുരന്തത്തിൽ കാണാതായവർക്കായി നിലമ്പൂർ ചാലിയാറിൽ ജനകീയ തിരച്ചിൽ ആരംഭിച്ചു. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ്, പൊലീസ്, വനംവകുപ്പ്, തണ്ടർബോൾട്ട്, എം.എസ്.പി, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. വനം കേന്ദ്രീകരിച്ചും ചാലിയാർ പുഴ കേന്ദ്രീകരിച്ചും തിരച്ചിൽ നടക്കുന്നുണ്ട്. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു.


മുണ്ടക്കൈയിലും ചൂരൽമലയിലും തിരച്ചിൽ തുടരും. അതിനിടെ, വയനാട്ടിൽ ഇടവേളയ്ക്കുശേഷം മഴ കനക്കുകയാണ്. ഇന്നലെ ഉച്ച മുതൽ മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്തു. കടച്ചിക്കുന്നു, വടുവൻചാൽ എന്നിവിടങ്ങളിൽ ഇന്നലെ മൂന്നു മണിക്കൂറിനിടെ 100 മില്ലി മീറ്റർ മഴ പെയ്തുവെന്നാണ് സ്വകാര്യ ഏജൻസിയുടെ കണക്ക്. ഉരുൾപൊട്ടലുണ്ടായ കുന്നുകളോട് ചേർന്നാണ് മഴ ശക്തമായത്. മലവെള്ളപ്പാച്ചിൽ സാധ്യതയും സ്വകാര്യ ഏജൻസിയായ ഹ്യൂം പ്രവചിക്കുന്നുണ്ട്.

Summary: The geological team to reach Wayanad's Mundakkai today to study the landslide-hit land

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News