ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത്, ഷർട്ടും ജീൻസ് പാന്റുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു: ഇ.പി ജയരാജൻ
യൂറോപ്യൻ നാടുകളിലെ ജീവിതനിലവാരത്തിലേക്ക് നമ്മുടെ നാട്ടിലെ ജനങ്ങളെ ഉയർത്തുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. 10 വർഷംകൊണ്ട് സമ്പൽസമൃദ്ധമായ നാടായി കേരളം മാറുമെന്നും ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പെൺകുട്ടികൾക്കെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസ് പാന്റുമിട്ട് കറുത്ത തുണിയിൽ കല്ലും കെട്ടി മുഖ്യമന്ത്രിക്ക് പിന്നാലെ പോയാൽ നോക്കിനിൽക്കുമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇനിയും മുന്നോട്ട് പോയാൽ അതിനെതിരെ ജനങ്ങൾ രംഗത്തിറങ്ങുമെന്നും അത് തടുക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് ഓർക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ഇടതുപക്ഷത്തെ കളങ്കപ്പെടുത്തിക്കളയാമെന്ന് കരുതരുത്. യു.ഡി.എഫ് അക്രമം അവസാനിപ്പിക്കണം. ഈ സർക്കാർ ഒരു തെറ്റും ചെയ്തിട്ടില്ല. തങ്ങൾക്ക് ഒന്നും ഭയപ്പെടാനില്ല. യൂറോപ്യൻ രാജ്യത്തെ ജനങ്ങളുടെ നിലവാരത്തിലേക്ക് മലയാളികളെ ഉയർത്തണം. 10 വർഷംകൊണ്ട് സമ്പൽസമൃദ്ധമായ നാടായി കേരളം മാറുമെന്നും ജയരാജൻ പറഞ്ഞു.