നെടുമ്പാശ്ശേരിയിൽ വിമാനത്തിനകത്ത് സ്വർണം; മാഗസിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമം
1721 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
Update: 2023-07-12 09:53 GMT
കൊച്ചി: നെടുമ്പാശേരിയിൽ ഇന്‍ഡിഗോ വിമാനത്തിനകത്ത് നിന്ന് സ്വര്‍ണം കണ്ടെത്തി. 1721 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തില്‍ യാത്രക്കാർക്കായി വെച്ചിരുന്ന മാഗസിനുള്ളിലായിരുന്നു സ്വര്‍ണം. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
ഡിആർഐ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിമാനത്തിനകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. 83 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. അബൂദബിയിൽ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സ്വർണക്കടത്ത്. രണ്ടുപാക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കി യാത്രക്കാർക്കായി വെച്ചിരുന്ന മാഗസിനുള്ളിലാണ് സ്വർണം വെച്ചിരുന്നത്.
ആരാണ് സ്വർണം കടത്തിയതെന്നടക്കമുള്ള കാര്യങ്ങളാണ് ഇനി വ്യക്തമാകാനുള്ളതെന്ന് കസ്റ്റംസ് പറഞ്ഞു.