'പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധത'; പത്ത് പവന്റെ സ്വർണമാല ഉടമയെ തിരിച്ചേൽപിച്ച ഹരിതകർമ സേനാംഗങ്ങൾക്ക് മന്ത്രിയുടെ പ്രശംസ

''സംസ്ഥാനത്തെ ഹരിതകർമ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചത്.''

Update: 2023-09-21 15:50 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: മാലിന്യങ്ങൾക്കിടയിൽനിന്നു ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചുകൊടുത്ത ഹരിതകർമ സേനാംഗങ്ങളെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്തെ ഹരിതകർമ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവച്ചത്. പത്തരമാറ്റ് തിളക്കമുള്ള നിങ്ങളുടെ സത്യസന്ധതയുടെ പേരിൽ തദ്ദേശ സ്വയംഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി രാജേഷ് പറഞ്ഞു.

മന്ത്രി എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പത്ത് പവൻ, പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യം വേർതിരിക്കുന്നതിനിടെ ഒരു പ്ലാസ്റ്റിക് കവറിൽനിന്ന് കിട്ടിയത്. വീടുകളിൽനിന്നു ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകർമ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തിൽനിന്നുതന്നെ സ്വർണമാണെന്ന് മനസിലായി. ആ സ്വർണം സ്വന്തമാക്കാനല്ല, ഉടമസ്ഥനു തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണവച്ച്, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാർത്ഥ ഉടമയെ കണ്ടെത്തി മാല കൈമാറി. സംസ്ഥാനത്തെ ഹരിതകർമ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചത്. പത്തരമാറ്റ് തിളക്കമുള്ള നിങ്ങളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്, തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു.

Full View

ഹരിതകർമസേന എന്ന നാടിന്റെ ശുചിത്വ സൈന്യത്തിന്റെ സത്യസന്ധതയുടെയും ആത്മാർഥതയുടെയും അനുഭവസാക്ഷ്യങ്ങളിൽ ഒടുവിലത്തേതാണിത്. കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ മാലിന്യത്തിൽനിന്ന് ലഭിച്ച അരലക്ഷം രൂപ തിരികെ നൽകിയ ഹരിതകർമസേനാംഗങ്ങളായ സി. സുശീലയെയും പി.വി ഭവാനിയെയും മുൻപ് പരിചയപ്പെടുത്തിയിരുന്നു. നമ്മുടെ മാലിന്യം ശേഖരിച്ച് സംസ്‌കരിച്ച് നാടിനെ രക്ഷിക്കുന്ന ഹരിതർമ സേനാംഗങ്ങളാണ്, സത്യസന്ധത കൊണ്ടുകൂടി ശ്രദ്ധേയരാകുന്നത്. നന്മയുടെ പുത്തനധ്യായങ്ങളുമായി ഹരിതകർമ സേന മുന്നോട്ടുകുതിക്കും. കേരളത്തിന്റെ ഈ ശുചിത്വസേനയെ നമുക്ക് ചേർത്തുപിടിക്കാം.

Summary: Minister MB Rajesh praises Haritha Karma Sena members for handing over gold necklaces recovered from garbage to the owner

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News