സർവകാല റെക്കോർഡിൽ സ്വർണവില; പവന് 59000 രൂപ, ഇനിയും ഉയർന്നേക്കുമെന്ന് വിലയിരുത്തലുകൾ

ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്

Update: 2024-10-29 06:36 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 59,000 കടന്നു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില.  

ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്. അതേസമയം സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. പലിശനിരക്ക് കുറച്ചതോടെ ആളുകള്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റി. അതേസമയം അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News