ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസ്; കൂടുതല്‍ അറസ്റ്റുണ്ടായേക്കും
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി 20 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്
എറണാകുളം: ഇറച്ചി വെട്ടുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. മുഖ്യ പ്രതി ഷാബിൻ സ്വര്‍ണക്കടത്തിനായി മുടക്കിയത് 65 ലക്ഷം രൂപ മുടക്കിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. വിവിധ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് ഷാബിനും സംഘവും സ്വർണം കടത്തിയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി 20 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തിനായുള്ള ഇടപാടുകള്‍ക്ക് ഷാബിന്‍ 65 ലക്ഷം രൂപ മുടക്കി. ഷാബിനും സ്വർണ്ണം ദുബൈയിൽ നിന്ന് കേരളത്തിലേക്ക് അയച്ച സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ കെ.പിയുമാണ് സ്വര്‍ണക്കടത്തിന്‍റെ മുഖ്യ സൂത്രധാരന്‍മാരെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
ഷാബിന്‍റെ സുഹൃത്തുക്കളായ ആലുവ സ്വദേശി അഫ്സല്‍ കാക്കനാട് സ്വദേശി സുനീര്‍ എന്നിവര്‍ 35 ലക്ഷം രൂപയും മുടക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്തുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സ്വർണ്ണം ദുബൈയിൽ നിന്ന് കേരളത്തിലേക്ക് അയച്ച സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ കെ.പിയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.
ഈ മാസം 23നാണ് ദുബൈയിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേ കാൽ കിലോ സ്വർണം കസ്റ്റംസ് ഇന്‍റലിജൻസ് പിടിച്ചെടുത്തത്. തൃക്കാക്കര തുരുത്തേൽ എന്‍റര്‍പ്രൈസസിന്‍റെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടർ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പാർസൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ അന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു
Customs seized two and half kilos of gold while trying to smuggle inside a butchery machine in kochi