സ്വർണ്ണ കടത്ത് കേസ്; ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരായ തെളിവുകൾ പരിശോധിക്കാനുള്ള അനുമതി സുപ്രീം കോടതി സ്റ്റേ ചെയ്തു

ജനുവരി മൂന്നാം വാരം കോടതിയിൽ വിശദമായ വാദം കേൾക്കും

Update: 2021-10-21 13:17 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ വിവരങ്ങൾ വിചാരണ കോടതിക്ക് പരിശോധിക്കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനുവരി മൂന്നാം വാരം കോടതിയിൽ വിശദമായ വാദം കേൾക്കും.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ

റദ്ദാക്കിയ ഹൈക്കോടതി അന്വേഷണവിവരങ്ങൾ വിചാരണക്കോടതിക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഇഡി ഡെപ്യുട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ സുപ്രീം കോടതിയിൽ ഹരജി നൽകിയത്. എഫ്‌ഐആർ റദ്ദാക്കിയതിന് ശേഷവും തെളിവുകൾ വിചാരണ കോടതി പരിശോധിക്കുന്നതിലെ നിയമസാധുതയെ ഇഡി കോടതിയിൽ ചോദ്യം ചെയ്തു.

ഹരജിയിൽ വിശദമായി വാദം കേൾക്കുന്നത് വരെ ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്ന് ജസ്റ്റിസ് എഎം ഖാൻവിക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജനുവരി മൂന്നാം വാരം വിശദമായ വാദം കേൾക്കാനായി കേസ് മാറ്റിവെക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രകാരം കേസിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് വിചാരണ കോടതിക്ക് കൈമാറിയിരുന്നു. എന്നാൽ സുപ്രീം കോടതി ഉത്തരവ് വന്നതിനാൽ തെളിവുകൾ പരിശോധിക്കാൻ ഇനി വിചാരണ കോടതിക്ക് കഴിയില്ല.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News