ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരെ കുടുംബം കോടതിയിലേക്ക്
കല്ലറ തുറന്ന് പരിശോധിക്കണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നീങ്ങാൻ കുടുംബം. സമാധി പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ നോട്ടീസ് ലഭിച്ച ഉടൻ കുടുംബം ഹൈക്കോടതിയെ സമീപിക്കും. കല്ലറ തുറന്ന് പരിശോധിക്കണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പൊലീസ്.
ഗോപൻ സ്വാമിയുടെ സമാധികല്ലറ ഒരു അഴിയാകുരുക്കായി തുടരുകയാണ്. വേഗത്തിൽ കുടുംബത്തിന് നോട്ടീസ് നൽകി നാളെയോ മറ്റന്നാളോ തന്നെ കല്ലറ തുറക്കണം എന്ന നിലപാടാണ് പൊലീസിന്. പൊലീസ് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം തുടർനടപടികൾ പൂർത്തിയാക്കും.
എന്നാൽ ഒരു കാരണവശാലും കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം. അച്ഛന്‍റെ താൽപര്യപ്രകാരമാണ് സമാധിപീഠമുണ്ടാക്കിയതെന്നും ഹിന്ദുവികാരം വ്രണപ്പെടുത്താൻ മുസ്‍ലിംകള്‍ ശ്രമിക്കുന്നു എന്നും മകൻ സനന്ദൻ മീഡിയവണിനോട് പറഞ്ഞു. രേഖകൾ മുഴുവൻ ശേഖരിച്ച ശേഷം ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു.
സമാന്തരമായി പൊലീസിൻ്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. മകൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയിലെ വൈരുധ്യം പൊലീസിനെ കുഴയ്ക്കുന്നു. അതിനാൽ തന്നെ സമീപവാസികളുടെ അടക്കം എല്ലാവരുടെയും വിശദമായ മൊഴി ഉടൻ ശേഖരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.