പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് ഗോപിനാഥ് മുതുകാട്

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കും

Update: 2021-11-17 08:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കും. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. 45 വര്‍ഷമായി പ്രൊഫഷണലായി മാജിക് നടത്തിയതാണ്. വളരെയധികം ശ്രദ്ധയും പുതിയ ജാലവിദ്യകള്‍ കണ്ടെത്താനും തീവ്രശ്രമവും വേണ്ട ഒന്നാണ് അത്. മാജികില്‍ മാത്രം ശ്രദ്ധിച്ചാല്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ കുറയും. ഈ കുട്ടികള്‍ക്കു വേണ്ടി ജീവിക്കാനും പ്രവര്‍ത്തിക്കാനുമാണ് തീരുമാനം. ഈ കുട്ടികളിലൂടെ ഞാന്‍ ചെയ്ത മാജികിനെക്കാള്‍ വലിയ വലിയ അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ ഷോകള്‍ നിര്‍ത്താന്‍ തീരുമാനിക്കുകയാണ്. ഞാന്‍ മാജിക് കാണിച്ചു നടക്കേണ്ട ആളല്ല, ഈ കുട്ടികള്‍ക്കു വേണ്ടി ജീവിക്കേണ്ട ആളാണ് എന്നുള്ള തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണല്‍ ഷോകള്‍ നിര്‍ത്തുന്നത്. പുതിയ മാജികുകള്‍ ഇനി കാണിക്കില്ല എന്ന അതിനര്‍ത്ഥം. പക്ഷെ പ്രൊഫഷണലായി ഒരു സംഘം ചേര്‍ന്ന് അവതരിപ്പിക്കുക എന്ന രീതി നിര്‍ത്തുകയാണ്. എന്നാല്‍ മാജിക് അക്കാദമി തുടരുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ മൂന്നു ലക്ഷത്തിലധികമുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ആ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആര്‍ട്ടിലൂടെ എന്തു ചെയ്യാന്‍ സാധിക്കും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മുതുകാട് പറഞ്ഞു.

മലപ്പുറംകാരനായ മുതുകാട് പത്താമത്തെ വയസ് മുതലാണ് മാജിക് പരിശീലനം തുടങ്ങുന്നത്. മഞ്ചേരി എൻ.എസ്.എസ് കോളേജിൽ നിന്നു ഗണിതശാസ്തത്തിൽ ബിരുദം നേടി തുടർന്ന് എൽ. എൽ.ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള ആവേശം മൂലം പഠനം ഉപേക്ഷിച്ചു ഈ രംഗത്ത് നിലയുറപ്പിച്ചു. 1985 മുതൽ പ്രൊഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യമാണ്. 1996-ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ എക്സിക്യുട്ടിവ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു. നിലമ്പൂർ ആസ്ഥാനമാക്കി മുതുകാട് മാജിക്കൽ എന്‍റര്‍ടെയ്നേഴ്സ് എന്ന പേരിൽ ഒരു മാജിക് ട്രൂപ്പിനു രൂപം കൊടുത്തു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പരിപാടികൾ മുതുകാട് അവതരിപ്പിച്ചിട്ടുണ്ട്.  


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News