'നിറം നോക്കി വാക്‌സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയാം'; കുട്ടികളുടെ വാക്‌സിനേഷന് ആക്ഷൻ പ്ലാൻ രൂപീകരിച്ചെന്ന് മന്ത്രി വീണാ ജോർജ്

നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ, കുട്ടികളുടെ വാക്സിനേഷൻ എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ വേണ്ടിയാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്സിനേഷൻ ടീമിനെ തയ്യാറാക്കുന്നതാണ്.

Update: 2022-01-01 12:17 GMT
Advertising

15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ആക്ഷൻപ്ലാൻ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിങ്ങുകൾ ചേർന്ന ശേഷമാണ് ആക്ഷൻ പ്ലാൻ രൂപീകരിച്ചത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ആക്ഷൻ പ്ലാനിന് അന്തിമ രൂപം നൽകിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ, കുട്ടികളുടെ വാക്സിനേഷൻ എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ വേണ്ടിയാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്സിനേഷൻ ടീമിനെ തയ്യാറാക്കുന്നതാണ്. കുട്ടികൾക്കുള്ള വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്കുള്ള വാക്സിനേഷൻ

വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കും. കുട്ടികളുടെ പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്സിൻ മാത്രമാകും നൽകുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ഈ ആശുപത്രികളിലുണ്ടാകും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ ഞായറാഴ്ച ഉൾപ്പെടെ നാല് ദിവസങ്ങളിൽ കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കും.

കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് സ്ഥാപിക്കും. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും.

സ്മാർട്ട് ഫോണോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ ഉപയോഗിച്ചോ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷനായി പോകുന്നതായിരിക്കും നല്ലത്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ രജിസ്റ്റർ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. എന്തെങ്കിലും കാരണത്താൽ രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത കുട്ടികൾക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്സിൻ എടുത്തവരുടേയും എടുക്കാത്തവരുടേയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകും. അതിന്റെ കോപ്പി ആർസിഎച്ച് ഓഫീസർക്കും നൽകും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം.

മുതിർന്നവരുടെ വാക്സിനേഷൻ

ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിൽ 18 വയസിന് മുകളിലുള്ളവർക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഇവർക്കുള്ള വാക്സിനേഷൻ സെന്റർ പ്രവർത്തിക്കും. മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാനായി നീല നിറത്തിലുള്ള ബോർഡായിരിക്കും സ്ഥാപിക്കുക. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News