'പൊതുവിദ്യാഭ്യാസത്തിന് ഗുണകരമല്ല'; സംസ്ഥാനത്തെ പകുതി ഏകാധ്യാപക വിദ്യാലയങ്ങളും പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം

ആകെയുള്ള 347 വിദ്യാലയങ്ങളില്‍ 116ഉം പൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസികളടക്കമുള്ള 2407 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഇതോടെ അനിശ്ചിത്വത്തിലായി

Update: 2021-05-31 05:56 GMT
Advertising

സംസ്ഥാനത്തെ പകുതിയോളം ഏകാധ്യപക വിദ്യാലയങ്ങളും പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ആകെയുള്ള 347 വിദ്യാലയങ്ങളില്‍ 116ഉം പൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസികളടക്കമുള്ള 2407 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഇതോടെ അനിശ്ചിത്വത്തിലായി. ഏറ്റവും അധികം സ്കൂളുകള്‍ പൂട്ടുന്നത് കാസര്‍ഗോഡ് ജില്ലയിലാണ്. 42 എണ്ണം. 35 സ്കൂളുകള്‍ക്ക് മലപ്പുറത്തും താഴ് വീഴും.

ത്യശ്ശൂരില്‍ ഒരും സ്കൂളും, എറണാകുളത്ത് രണ്ട് സ്കൂളുകളും മാത്രമാണ് പൂട്ടുന്നത്. ഏകാധ്യാപക വിദ്യാലയങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന് ഗുണകരമല്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

തൊട്ടടുത്തുള്ള സ്കൂളിലേക്ക് കുട്ടികളെ മാറ്റണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇടുക്കിയിലെ അറക്കുളം പഞ്ചായത്തിലുള്ള ചക്കിമാലി വിദ്യാലത്തിലെ കുട്ടികളെ 19 കിലോമീറ്റര്‍ അപ്പുറത്തുള്ള വളക്കോടി ജി.എച്ച്.എസ്.എസിലേക്ക് മാറ്റാനാണ് സര്‍ക്കുലര്‍. ഇത് പ്രായോഗികമല്ലെന്നാണ് അധ്യാപകരുടെ നിലപാട്. പൂട്ടുന്ന സ്കൂളുകളില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 807 കുട്ടികളുടെ ഭാവി അവിടെ മാത്രം ചോദ്യചിഹ്നമാകും. കാസര്‍ഗോട്ടെ 724 വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാകും.

21 വിദ്യാലയങ്ങള്‍ പൂട്ടുന്ന വയനാട്ടില്‍ 292 കുട്ടികളും, ഇടുക്കിയിലെ 182 വിദ്യാര്‍ത്ഥികളും തീരുമാനം നടപ്പിലാക്കിയാല്‍ വലിയ പ്രതിസന്ധിയിലാകും. മാര്‍ച്ചില്‍ പുറത്തിറക്കിയ ഉത്തരവ് പുതിയ സര്‍ക്കാര്‍ പിന്‍വലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News