സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകണം; സംസ്ഥാനത്ത് ഡയസ്‌നോൺ പ്രഖ്യാപിച്ചു
മനപ്പൂർവം ജോലിക്കെത്താത്തവരെ സർവീസിൽ നിന്നും പുറത്താക്കുമെന്നും ഉത്തരവിൽ പറയുന്നു
ദേശീയ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് എ.ജി നിയമോപദേശം നൽകിയിരുന്നു.
ഡയസ്‌നോൺ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ പണിമുടക്ക് ദിവസം ഹാജരാവത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം ഉണ്ടാകില്ല. ഓഫീസുകളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഹാജർ നില ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് യാത്രാ സൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സിക്കും നിർദേശം നൽകി. ജോലിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞാൽ ശിക്ഷ ഉറപ്പാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പണിമുടക്ക് ദിവസം അത്യാവശ്യക്കാർക്ക് മാത്രമാണ് അവധി അനുവദിച്ചിട്ടുള്ളത്. മനപ്പൂർവം ജോലിക്കെത്താത്തവരെ സർവീസിൽ നിന്നും പുറത്താക്കുമെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കലക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ തീരുമാനത്തോട് ജീവനക്കാർ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ദേശീയ പണിമുടക്കിന്റെ മുന്നണി പോരാളികളായി തങ്ങളുണ്ടാകുമെന്നും നാളെ ജോലിയിൽ പ്രവേശിക്കില്ലെന്നും സർക്കാർ ഉദ്യോഗസ്ഥ സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.