പുറമ്പോക്ക് കയ്യേറി ഫ്‌ളാറ്റ് നിർമാണം; കമ്പനിക്കെതിരെയുള്ള തൃക്കാക്കര നഗരസഭയുടെ നടപടി മരവിപ്പിച്ച് സർക്കാർ

നഗരസഭയുടെ കണ്ടെത്തൽ ശരിവെക്കുന്ന വിധം റവന്യൂവകുപ്പ് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോയും നൽകിയിട്ടുണ്ട്

Update: 2023-01-06 04:33 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പുറമ്പോക്ക് കയ്യേറി നിർമാണം ആരംഭിച്ച ഫ്‌ളാറ്റ് കമ്പനിക്കെതിരെ തൃക്കാക്കര നഗരസഭ കൗൺസിൽ ആരംഭിച്ച നടപടി സർക്കാർ മരവിപ്പിച്ചു. നഗരസഭയുടെ ഭരണഘടനാപരമായ അധികാരങ്ങൾ തന്നെ കവരുന്ന രീതിയിലാണ് തദ്ദേശവകുപ്പിന്റെ ഇടപെടൽ. നഗരസഭയുടെ കണ്ടെത്തൽ ശരിവെക്കുന്ന വിധം റവന്യൂവകുപ്പ് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോയും നൽകിയിട്ടുണ്ട്.

ഫ്‌ളാറ്റ് കമ്പനി തോടും പുറമ്പോക്കും കയ്യേറിയതും തോടിന് കുറുകെ നിയമവിരുദ്ധമായി പാലം നിർമിച്ചതും തൃക്കാക്കര നഗരസഭ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. നഗരസഭക്ക് അവകാശപ്പെട്ട ഒന്നേകാൽ ഏക്കർ പുറമ്പോക്ക് കയ്യേറിയ സാഹചര്യത്തിൽ നിയമനടപടി ആരംഭിക്കാനായിരുന്നു കൗൺസിലിന്റെ തീരുമാനം. ഇതിനായി നിയമോപദേശം തേടാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

കൗൺസിൽ തീരുമാനം നടപ്പാക്കേണ്ട നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ അസാധാരണ രീതിയിൽ തീരുമാനത്തിനെതിരെ സർക്കാരിനെ സമീപിച്ചു. കയ്യേറ്റത്തിനെതിരായ തൃക്കാക്കര നഗരസഭയുടെ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവുമിറക്കി. നഗരസഭയുടെ ഭാഗം പോലും കേൾക്കാതെയാണ് കൗൺസിൽ തീരുമാനം തദ്ദേശവകുപ്പ് മരവിപ്പിച്ചത്.

എന്നാൽ ഒന്നര മാസത്തിന് ശേഷം സർക്കാരിന്റെ തന്നെ റവന്യൂവകുപ്പ് ഫ്‌ളാറ്റ് കമ്പനിക്ക് സ്റ്റോപ് മെമ്മോ നൽകി. പുറമ്പോക്ക് കയ്യേറിയെന്ന നാട്ടുകാരുടെ പരാതിയിലായിരുന്നു നടപടി. ഫ്‌ളാറ്റ് നിർമാണത്തിന് നി ലവിൽ തടസങ്ങളില്ലെങ്കിലും തോട്ടിലോ തോടിന് സമീപത്തോ നിർമാണം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണയന്നൂർ തഹസിൽദാർ സർവേയും ആരംഭിച്ചു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News