ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ നീക്കം; മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി
ചീഫ് സെക്രട്ടറി വി.പി ജോയിയും മന്ത്രിക്കൊപ്പം ഗവർണറെ കാണാനെത്തിയിട്ടുണ്ട്
തിരുവനന്തപുരം: സർക്കാരുമായി പോരടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവർണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് വിശദീകരണം. ഒക്ടോബർ രണ്ടിന് സംസ്ഥാന തലത്തിൽ ലഹരിവിരുതദ്ധ പ്രചാരണ പരിപാടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
സർക്കാരിന്റെ സുപ്രധാന പരിപാടിയായത്‌കൊണ്ടാണ് എക്‌സൈസ് മന്ത്രി എന്ന നിലയിൽ എം.ബി രാജേഷ് രാജ്ഭവനിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ചീഫ് സെക്രട്ടറി വി.പി ജോയിയും മന്ത്രിക്കൊപ്പം ഗവർണറെ കാണാനെത്തിയിട്ടുണ്ട്. ഗവർണർ ഇന്ന് ഡൽഹിക്കു പോയാൽ ഒക്ടോബർ മൂന്നിനു മാത്രമേ തിരിച്ചെത്തുകയുള്ളൂ. നിലവിൽ അഞ്ചു ബില്ലുകളിൽ മാത്രമാണ് ഗവർണർ ഒപ്പിട്ടിരിക്കുന്നത്. ഇനിയും ആറ് ബില്ലുകളിലാണ് അദ്ദേഹം ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി ബില്ലിലും സർവകലാശാല നിയമഭേദഗതിയിലും ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ട് ബില്ലുകളിൽ ഒപ്പിടില്ലെന്ന് അറിയിച്ചെങ്കിലും ബാക്കിയുള്ള നാല് ബില്ലുകളിൽ എപ്പോൾ ഒപ്പിടുമെന്നതിൽ വ്യക്തതയില്ല. ബില്ലുകൾ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും ഗവർണറെ അറിയിക്കാനുള്ള സാധ്യതയുണ്ട്. വകുപ്പ് മന്ത്രിമാരോ സെക്രട്ടറിമാരോ നേരിട്ട് വരണമെന്ന ആവശ്യമായിരുന്നു ഗവർണർ നേരത്തെ മുന്നോട്ട്‌വെച്ചിരുന്നത്. പിന്നീട് ചില വകുപ്പ് സെക്രട്ടറിമാർ ഗവർണറെ കണ്ട് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചത്. ചീഫ് സെക്രട്ടറി നേരിട്ട് രാജ്ഭവനിലെത്തിയ സാഹചര്യത്തിൽ നാല് ബില്ലുകളിൽ ഒപ്പിടാനുള്ള സാധ്യത തള്ളാനാവില്ല.