മാണിക്കെതിരായ സര്‍ക്കാര്‍ നിലപാട്; സി.പി.എം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും
സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം അഭിപ്രായം പറയാമെന്ന് എ വിജയരാഘവന്‍
കെ.എം മാണിക്കെതിരായ സുപ്രീംകോടതിയിലെ സർക്കാർ നിലപാടിനെക്കുറിച്ച് സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അതിനുശേഷം അഭിപ്രായം പറയാമെന്നും വിജയരാഘവൻ പറഞ്ഞു. സംഭവത്തില്‍ കേരള കോണ്‍ഗ്രസ് എം ഇതിനോടകം തന്നെ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളായ എം.എല്‍.എമാരെ ന്യായീകരിക്കാന്‍, അഴിമതിക്കാരനായ ധനമന്ത്രിക്കെതിരെയാണ് അവര്‍ പ്രതിഷേധിച്ചതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വാദിച്ചത്. സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിന്‍റേതാണ് പരാമര്‍ശം.
സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്നും പരാമര്‍ശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകനോട് വിശദീകരണം തേടണമെന്നുമാണ് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യം. ഇന്നും നാളെയുമായാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്.
കേരള കോൺഗ്രസ്സ് എമ്മിന്‍റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. യു.ഡി.എഫും വിഷയം ഏറ്റെടുത്തതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് പാർട്ടിയും ജോസ് കെ മാണിയും.