'ഭരിക്കുന്ന പാർട്ടി നോക്കിയല്ല കേസെടുക്കുന്നത്'- കരുവന്നൂരിലെ ഇഡി നടപടി ന്യായീകരിച്ച് ഗവർണർ

ഇന്നലെ സിപിഎമ്മിന്റെ സ്വത്തുക്കളും എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ഇ ഡി കണ്ടുകെട്ടിയിരുന്നു

Update: 2024-06-29 13:23 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കരുവന്നൂരിലെ ഇഡി നടപടിയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ഭരണത്തിലാണോ പ്രതിപക്ഷത്താണോ എന്ന് നോക്കിയല്ല അന്വേഷണ ഏജൻസികൾ നടപടിയെടുക്കുന്നത്. ഏതെങ്കിലും വിധത്തിൽ നിയമലംഘനം കണ്ടെത്തിയത് കൊണ്ടാകാം ഈ നടപടിയെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ ന്യായീകരിച്ചു. 

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെയും പ്രതിയാക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. അനധികൃത വായ്പ സ്വീകരിച്ച് തിരിച്ചടയ്ക്കാതെ ബാങ്കിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയ ഇരുപത് പേരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിചേർക്കുമെന്നാണ് റിപ്പോർട്ട്. ഇ.ഡി നടപടി തോന്ന്യാസം ആണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. 

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇന്നലെയാണ് സിപിഎമ്മിന്റെ പേരിലുള്ള സ്വത്തുക്കളും എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ഇ ഡി കണ്ടുകെട്ടിയത്. ബാങ്കിൽ നിന്നും ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം പാർട്ടിയുടെ വിവിധ ഘടകങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സിപിഎമ്മിനെയും കേസിൽ പ്രതിചേർത്തിരുന്നു. പിന്നാലെയാണ് ഇരുപതോളം പേരെ കൂടി പ്രതി ചേർക്കാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നത്.

അനധികൃത വായ്പ സ്വീകരിച്ച് തിരിച്ചടയ്ക്കാതെ ബാങ്കിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയവരെ അടക്കമാണ് പ്രതി ചേർക്കുക. ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് ജില്ലാ സെക്രട്ടറിയുടെ പേരിൽ പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മിക്കാൻ 5 സെന്റ് സ്ഥലം അടക്കം വാങ്ങിയതെന്നും അതിനാൽ തട്ടിപ്പിനെ കുറിച്ച് എം എം വർഗീസിന് അറിവുണ്ടെന്നുമാണ് ഇ ഡി ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎം വർഗീസിനെയും പ്രതിചേർക്കാൻ ഒരുങ്ങുന്നത്.

കണ്ടുകെട്ടൽ നടപടികളെ കുറിച്ച് അറിയില്ലെന്നും കേന്ദ്ര ഏജൻസി സിപിഎമ്മിനെ വേട്ടയടിക്കുകയാണെന്നും എം എം വർഗീസ് ആരോപിച്ചു. ഇഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. നേരത്തെ സിപിഎം നേതാക്കളായ എസി മൊയ്തീൻ, എം കെ കണ്ണൻ, പി കെ ബിജു എന്നിവരെ ഇ ഡി പലതവണ ചോദ്യം ചെയ്തിരുന്നു. നേതാക്കളെ പ്രതിചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനം ഉണ്ടാകും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News