'ഇൻതിഫാദ എന്ന വാക്കിന്റെ അർഥം അറിയുമോ?' കേരള യൂനി. കലോത്സവത്തിന്‍റെ പേരില്‍ വിമര്‍ശനവുമായി ഗവര്‍ണര്‍
കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്നു പേരുനല്‍കിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍. ഇൻതിഫാദ എന്ന വാക്കിന്റെ അർഥം നിലനിൽക്കുന്ന സംവിധാനത്തെ ഇല്ലാതാക്കുക എന്നാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അര്‍ഥം അറിയാതെ ആ വാക്ക് ഉപയോഗിച്ചതില്‍ സഹതാപമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
''ഇൻതിഫാദ എന്ന വാക്കിന്റെ അർഥം അറിയാമോ? നിലനിൽക്കുന്ന സംവിധാനത്തെ ഇല്ലാതാക്കുക എന്നതാണ് ഇൻതിഫാദ എന്ന അറബി വാക്കിന്‍റെ അര്‍ഥം. അർഥമറിയാതെ ആ വാക്ക് ഉപയോഗിച്ചവരെക്കുറിച്ച് എനിക്കു സഹതാപം''-ഗവര്‍ണര്‍ പറഞ്ഞു.
വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റൽ മാത്രമല്ല, എല്ലാ സർവകലാശാലകളിലെയും ഹോസ്റ്റലുകൾ ഒരു സംഘടന കൈയടക്കിവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിദ്ധാര്‍ഥന്‍റെ മരണത്തില്‍ സമഗ്രമായ ജുഡിഷ്യൽ അന്വേഷണമാണ് ഉദ്ദേശിക്കുന്നത്. തെറ്റ് ചെയ്തവർ ആരെല്ലാമെന്നു കണ്ടെത്തി റിപ്പോർട്ട് ചെയ്യേണ്ടത് വൈസ് ചാൻസലറുടെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നാല് സര്‍വകലാശാലാ വി.സിമാരുടെ ഹിയറിങ്ങില്‍ തീരുമാനമെടുക്കാന്‍ ആറാഴ്ച സമയമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു. പോസ്റ്ററുകളിലോ ബാനറുകളിലോ ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ നിര്‍ദേശമുണ്ട്. എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പേര് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാര്‍ഥി യൂനിയൻ വ്യക്തമാക്കിയിട്ടുണ്ട്.
Summary: Kerala Governor Arif Mohammed Khan criticizes Kerala University Art Festival for naming it as Intifada