സിദ്ധാർഥന്റെ മരണം: മുൻ വി.സിക്കും ഡീനിനും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്

അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.

Update: 2024-08-23 04:53 GMT
Advertising

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുൻ വി.സിക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. മുൻ വി.സി എം.ആർ ശശീന്ദ്രനാഥിനാണ് ചാൻസലർ കൂടിയായ ​ആരിഫ് മുഹമ്മദ് ഖാൻ നോട്ടീസ് നൽകിയത്.

ഇതോടൊപ്പം ഡീൻ നാരായണനും അസി. വാർഡനും ചാൻസലർ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. ഡീനിനും ഹോസ്റ്റൽ വാർഡനുമെതിരെ നടപടിയെടുത്ത ശേഷം അത് നിലവിലെ വി.സിയെ അറിയിക്കണം എന്നും നിർദേശമുണ്ട്.

ഗവർണർ തന്നെ ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഏതാനും ദിവസങ്ങൾ മുമ്പാണ് റിപ്പോർട്ട് നൽകിയത്. സിദ്ധാർഥന്റെ മരണത്തിൽ മുൻ വി.സി എം.ആർ ശശീന്ദ്രനാഥിനും ഡീൻ നാരായണനും ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകിയെന്നാണ് വി.സി പറയുന്നത്. സിദ്ധാർഥന്റെ മരണത്തിൽ, ഡോ. ശശീന്ദ്രനാഥിനെ മാർച്ച് രണ്ടിന് ഗവർണർ സസ്‌പെൻഡ് ചെയ്യുകയും തുടർന്ന് ഇദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു.

വി.സി ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായതെന്നും ​ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ചുമതല നിർവഹിക്കുന്നതിൽ ഉദാസീനത കാണിച്ചു. ചട്ടപ്രകാരമുള്ള ഇടപെടൽ നടത്താതെ കൃത്യവിലോപം കാണിച്ചു. കാംപസിൽ സൗഹാർദപരമായ ഇടപെടൽ ഉണ്ടായില്ല. സർവകലാശാലാ കാര്യങ്ങളിലും അലംഭാവം പുലർത്തിയെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.

സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്നു പറഞ്ഞ ​ഗവർണർ, പോസ്റ്റ്‌മോർട്ടത്തിൽ വയറ്റിൽ ഒന്നും ഇല്ലായിരുന്നു. ഭക്ഷണം നൽകിയില്ലെന്നാണ് ഇതു കാണിക്കുന്നതെന്നും ​ചൂണ്ടിക്കാട്ടിയിരുന്നു. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News