'ഗവർണറുടെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേയറ്റമെത്തി'; ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശാഭിമാനി മുഖപ്രസംഗം
ഗവർണർ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ് ഖാൻ കളഞ്ഞുവെന്ന് ദേശാഭിമാനി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. ഗവർണറുടെ വാക്കും പ്രവർത്തിയും അധഃപതനത്തിന്റെ അങ്ങേയറ്റമെത്തിയെന്ന് മുഖപ്രസംഗത്തിൽ ദേശാഭിമാനി വ്യക്തമാക്കി. ഗവർണർ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ് ഖാൻ കളഞ്ഞുവെന്നും ദേശാഭിമാനി തുറന്നടിച്ചു. സർക്കാർ- ഗവർണർ പോര് തുടരുന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയിലെ മുഖപ്രസംഗം.
ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാൻ മടിച്ച സാഹചര്യമുണ്ടായിരുന്നു. ഇതുകൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ നിയമന വിവാദത്തിലും ഗവർണർ രംഗത്തെത്തിയിരുന്നു. ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകൾ ആവർത്തിച്ചുചെയ്യുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് ദേശാഭിമാനി വിമർശിച്ചു.
നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാൻസലർ പദവിയിലിരിക്കുന്ന ഗവർണർ, തനിക്ക് തൊട്ടുതാഴെ സർവകലാശാലയുടെ ഭരണത്തലവനായി പ്രവർത്തിക്കുന്ന വൈസ് ചാൻസലറെയാണ് 'ക്രിമിനൽ' എന്നു വിളിച്ചത്. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാല ആതിഥ്യമരുളിയ ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ഗവർണർ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചതെന്നും ദേശാഭിമാനി വ്യക്തമാക്കി. ഗവർണർ രാഷ്ട്രീയ ചട്ടുകമായി മാറിയത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കമാണ്. സംഘവഴിയിൽ ചലിക്കാത്തിടത്ത് ഗവർണർമാർ അമിതാധികാര വാഴ്ച നടപ്പാക്കുന്നുവെന്നും ദേശാഭിമാനിയിൽ പറയുന്നു
ദേശാഭിമാനി മുഖപ്രസംഗത്തിന്റെ പൂർണരൂപം:
ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകൾ ആവർത്തിച്ചുചെയ്യുകയാണ് കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കൽ എത്തിയിരിക്കുന്നു. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാൻസലർ പദവിയിലിരിക്കുന്ന ഗവർണർ, തനിക്ക് തൊട്ടുതാഴെ സർവകലാശാലയുടെ ഭരണത്തലവനായി പ്രവർത്തിക്കുന്ന വൈസ് ചാൻസലറെയാണ് 'ക്രിമിനൽ' എന്നു വിളിച്ചത്. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാല ആതിഥ്യമരുളിയ ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ഗവർണർ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭം ആളിപ്പടരുന്ന നാളുകളിലാണ് ചരിത്ര കോൺഗ്രസ് ചേർന്നത്. ഉദ്ഘാടകനായ ഗവർണർ പൗരത്വ നിഷേധത്തെ ന്യായീകരിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതിഷേധത്തെയാണ് രണ്ടുവർഷവും എട്ടുമാസവും കഴിഞ്ഞ് അക്രമമെന്ന് വിശേഷിപ്പിക്കുന്നത്. വേദിയിലുണ്ടായിരുന്ന വിശ്രുത ചരിത്രകാരൻ പ്രൊഫ. ഇർഫാൻ ഹബീബ് എഴുന്നേറ്റ് വിയാജിപ്പ് അറിയിക്കുകയായിരുന്നു. സദസ്സിൽനിന്ന് ചില പ്രതിനിധികളും പ്രതിഷേധമുയർത്തി. മതപരമായ വേർതിരിവിലൂടെ ഒരു വിഭാഗത്തിന് പൗരത്വം ഇല്ലാതാക്കുന്നത് ന്യായീകരിക്കാൻ അക്കാദമിക് വേദി ഉപയോഗിച്ചപ്പോൾ എതിർപ്പ് രേഖപ്പെടുത്തേണ്ടത് മതനിരപേക്ഷത മുറുകെപ്പിടിക്കുന്ന ഏതൊരാളുടെയും കടമയാണ്. പ്രൊഫ. ഇർഫാൻ ഹബീബ്, തന്നെ ആക്രമിക്കാൻ വന്നത് ഗോപിനാഥ് രവീന്ദ്രന്റെ പ്രേരണയിലായിരുന്നുവെന്ന ഗവർണറുടെ ആക്ഷേപത്തിനുള്ള മറുപടി അന്നത്തെ പത്രത്താളുകൾതന്നെയാണ്. ഗവർണറുടെ വിദ്വേഷ പ്രസംഗംകേട്ട് പ്രൊഫ. ഇർഫാൻ എഴുന്നേറ്റു എന്നത് മാത്രമാണ് വസ്തുത. വൈസ് ചാൻസലർ അക്രമത്തിന് കൂട്ടുനിന്നു എന്ന ഗവർണറുടെ ഇപ്പോഴത്തെ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്. പ്രായത്തിന്റെ അവശതകളുള്ള പ്രൊഫ. ഇർഫാൻ എന്ത് അക്രമം കാണിച്ചെന്നാണ് ഗവർണർ പറയുന്നത്.
എത്ര പണ്ഡിതനായാലും മതനിരപക്ഷ, ജനാധിപത്യ പക്ഷത്താണെങ്കിൽ സംഘപരിവാറിന്റെ ശത്രുപ്പട്ടികയിലാകും. ഇർഫാൻ ഹബീബും ഗോപിനാഥ് രവീന്ദ്രനും തെളിവാർന്ന നിലപാടുകൾ കാരണം വളരെ മുമ്പുതന്നെ ഹിന്ദുത്വത്തിന്റെ നോട്ടപ്പുള്ളികളാണ്. നിലപാടുകളുടെ പേരിൽ ജീവൻ ബലികൊടുക്കേണ്ടിവന്ന ജ്ഞാനവൃദ്ധരും പ്രക്ഷോഭകരും കുറച്ചൊന്നുമല്ല. ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ, സ്റ്റാൻസ്വാമി, ഗൗരി ലങ്കേഷ് തുടങ്ങി നിരവധിപേർ. ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക, വഴങ്ങുന്നില്ലെങ്കിൽ കൊന്നുതീർക്കുക; ഇതാണ് ഫാസിസത്തിന്റെ രീതി. ഭരണമായാലും ഭരണഘടനയായാലും 'സംഘ'ത്തിന്റെ വഴിയിൽ ചലിക്കണം. ഇതാണ് മോദി ഭരണം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത്. വിദ്വേഷം വളർത്തിയും പണമിറക്കിയും ഭരണം പിടിക്കുക. അത് നടക്കാത്ത സംസ്ഥാനങ്ങളിൽ ഫെഡറൽ തത്വങ്ങൾ ബലികഴിച്ച് ഗവർണർമാർ വഴി അമിതാധികാരവാഴ്ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവർണറുടെ വഴിവിട്ട നടപടികൾ.
നിയമനിർമാണവുമായി ബന്ധപ്പെട്ട് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല നടപടിയും തുടക്കംമുതൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായി. ബില്ലുകളും ഓർഡിനൻസുകളും അന്യായമായി താമസിപ്പിക്കുക, നയപ്രഖ്യാപന പ്രസംഗത്തിൽ തടസ്സവാദങ്ങൾ ഉന്നയിക്കുക തുടങ്ങി അസാധാരണ നിലപാട് സ്വീകരിച്ചു. എന്നാൽ, ഭരണഘടനാ പദവിയുടെ അന്തഃസന്ത ഉൾക്കൊണ്ട് സമവായ സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഏറ്റവുമൊടുവിൽ നിലവിലുള്ള 11 ഓർഡിനൻസിന്റെ പുനർ വിജ്ഞാപനത്തിന് വിസമ്മതിച്ച ഗവർണർ സഭ നേരത്തേ ചേരേണ്ട അവസ്ഥയുണ്ടാക്കി. സർവകലാശാലാ നിയമനങ്ങളിൽ അകാരണമായും നിമയവിരുദ്ധമായും ഇടപെടാൻ ഗവർണർ മടിച്ചില്ല. ബിജെപിയുടെ രാഷ്ട്രീയ ഏജന്റായി പ്രവർത്തിക്കുന്ന ഗവർണറെ പിന്തുണയ്ക്കാൻ കോൺഗ്രസിന് മടിയില്ല. ഡിസിസി ജനറൽ സെക്രട്ടറിയെ കണ്ണൂരിൽ വൈസ് ചാൻസലറായി വച്ച കോൺഗ്രസാണ് ഇപ്പോൾ അക്കാദമിക് മികവിനെക്കുറിച്ച് പറയുന്നത്.
ചാൻസലർ പദവിയുടെ നിയമസാധുതയ്ക്കപ്പുറം രാഷ്ട്രീയ ചട്ടുകമായി ഗവർണർ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന അസാധാരണ നിർദേശവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയെയും വൈസ് ചാൻസലറെയും പരസ്യമായി അപമാനിക്കാൻ ഗവർണർ തയ്യാറായി. രാജ്ഭവനിൽ വിളിച്ചുവരുത്തി വൈസ് ചാൻസലറെ ആക്ഷേപിച്ചു. വിസിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് ആരോപിച്ചപ്പോൾ വിലയിടിഞ്ഞത് ഗവർണർ പദവിക്കുതന്നെയാണ്. മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലർ ട്രോഫി പ്രഖ്യാപിക്കാത്തതും പ്രതികാര ചിന്ത കാരണമാണ്. ഉന്നതവിദ്യാഭ്യാസം ഉടച്ചുവാർത്ത് വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റാനുള്ള എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന് ഇത്തരം സമീപനങ്ങൾ ദോഷമാകും.