കേരളത്തെ മദ്യമാഫിയയ്ക്ക് വിൽക്കാനുള്ള ശ്രമത്തിൽനിന്ന് സർക്കാർ പിന്മാറണം-കെ.എൻ.എം
''ടൂറിസത്തിന്റെ പേരിൽ കേരളത്തെ മദ്യമാഫിയയ്ക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം. കേരളം വിവിധ ലഹരികളുടെ പിടിയിലമർന്നു നശിച്ചുകൊണ്ടിരിക്കുമ്പോൾ വളർന്നുവരുന്ന തലമുറയെ കുരുതികൊടുക്കുന്ന സമീപനം അപകടമാണെന്ന് സർക്കാർ തിരിച്ചറിയണം.''
കോഴിക്കോട്: ഐ.ടി പാർക്കുകളിലടക്കം മദ്യം ഒഴുക്കി കേരളത്തെ നശിപ്പിക്കാനുള്ള സർക്കാർ നീക്കം അത്യന്തം അപകടകരമാണെന്ന് കോഴിക്കോട്ട് ചേർന്ന കെ.എൻ.എം സംസ്ഥാന ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു. പുതിയ മദ്യനയം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് വികസനമാണെങ്കിൽ ഏറ്റവും വലിയ അബദ്ധത്തിലാണ് സർക്കാർ ചെന്നുവീഴുന്നത്. മദ്യം വരുമാനം കൊണ്ടുണ്ടാക്കുന്ന ഏതു പുരോഗമനത്തിനും ആയുസ്സില്ലെന്നും കെ.എൻ.എം നേതാക്കൾ പറഞ്ഞു.
നാട്ടിൽ നന്മയും ധാർമികതയും ആഗ്രഹിക്കുന്നവരെ നിരാശരാക്കുന്നതാണ് പുതിയ മദ്യനയം. ടൂറിസത്തിന്റെ പേരിൽ കേരളത്തെ മദ്യമാഫിയയ്ക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം. കേരളം വിവിധ ലഹരികളുടെ പിടിയിലമർന്നു നശിച്ചുകൊണ്ടിരിക്കുമ്പോൾ വളർന്നുവരുന്ന തലമുറയെ കുരുതികൊടുക്കുന്ന സമീപനം അപകടമാണെന്ന് സർക്കാർ തിരിച്ചറിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
റമദാനിൽ സംസ്ഥാനതലത്തിൽ നടത്തുന്ന പരിപാടികൾക്കു സമിതി രൂപം നൽകി. കെ.എൻ.എം ഇഫ്താർകിറ്റ് പദ്ധതി വിജയിപ്പിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, എ.പി അബ്ദുസ്സമദ്, അബ്ദുറഹ്‌മാൻ മദനി പാലത്ത്, ഡോ. പി.പി അബ്ദുൽ ഹഖ്, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. സുൾഫിക്കർ അലി, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, അബ്ദുൽ ഹസീബ് മദനി പ്രസംഗിച്ചു.
Summary: KNM against state government's new liquor policy