ഗ്രോ വാസു ജയിലിൽ തുടരും; വിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി
കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർ വിസ്താരം നടത്താൻ ഗ്രോ വാസു തയ്യാറായില്ല.
കോഴിക്കോട്: റിമാൻഡ് കാലാവധി പൂർത്തിയായ ഗ്രോ വാസുവിനെ കുന്നമംഗലം കോടതിയിൽ ഹാജരാക്കി. കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർ വിസ്താരം നടത്താൻ ഗ്രോ വാസു തയ്യാറായില്ല. തുടർ വിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി. ഗ്രോ വാസു ജയിലിൽ തുടരും.
രണ്ടു സാക്ഷികളെ വിസ്തരിച്ച കോടതി ബാക്കി സാക്ഷികളെ അടുത്ത മാസം നാലിന് ഹാജരാക്കണമെന്ന് നിർദേശിച്ചു. വാസുവിന് മജിസ്‌ട്രേറ്റ് ഇരിപ്പിടം നൽകിയെങ്കിലും ഇരിക്കാൻ തയ്യാറായില്ല. കോടതിയിൽ നിന്ന് ഇറങ്ങുമ്പോൾ പശ്ചിമഘട്ട രക്തസാക്ഷികൾ സിന്ദാബാദ് എന്ന് അദ്ദേഹം മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ജാമ്യത്തിൽ പോകാൻ വിസമ്മതിച്ചതോടെ കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു റിമാൻഡിലായിരുന്നു. ജാമ്യമെടുക്കാൻ ഗ്രോ വാസു തയാറാകാത്തതിനാൽ വിചാരണ പൂർത്തിയാക്കി കേസ് അവസാനിപ്പിക്കാനാണ് കോടതിയുടെ ശ്രമം. 2016 ൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഗ്രോ വാസുവിനെ പോലിസ് അറസ്റ്റ് ചെയ്തത്