ഗ്രോ വാസുവിന്റെ റിമാൻഡ് കാലാവധി നീട്ടി
ഈ മാസം 25 വരെയാണ് നീട്ടിയത്.
Update: 2023-08-11 09:31 GMT
കോഴിക്കോട്: മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഗ്രോ വാസുവിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 25 വരെയാണ് നീട്ടിയത്. കുന്ദമംഗലം കോടതിയാണ് വിധി പറഞ്ഞത്. വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നില്ലെന്ന് ഗ്രോവാസു പറഞ്ഞതോടെയാണ് നേരിട്ട് കോടതിയിൽ ഹാജരായത്.
2016 ൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഗ്രോ വാസുവിനെ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലെെ 29നാണ് മെഡിക്കൽ കോളേജ് പോലിസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും സ്വന്തം ജാമ്യം അംഗീകരിക്കാൻ തയ്യാറാകാത്തതിനാൽ കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.