ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചെന്ന പ്രചാരണം; ദേവസ്വം ബോർഡ് നിയമ നടപടിയിലേക്ക്
വസ്തുതാ വിരുദ്ധമായ പ്രചാരണത്തിനെതിരെ ദേവസ്വം കമ്മീഷണർ സന്നിധാനം പൊലീസിന് പരാതി നൽകി.
ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്ന പ്രചാരണത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമ നടപടിയിലേക്ക്. വിഷയത്തിൽ ഇന്ന് നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വസ്തുതാ വിരുദ്ധമായ പ്രചാരണത്തിനെതിരെ ദേവസ്വം കമ്മീഷണർ സന്നിധാനം പൊലീസിന് പരാതി നൽകി.
സന്നിധാനത്ത് പ്രസാദ നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്ന് സംഘ്പരിവാർ അനുകൂല മാധ്യമങ്ങളാണ് പ്രചാരണം നടത്തിയത്. മഹാരാഷ്ട്ര കേന്ദ്രമായ വർധ്മാൻ അഗ്രോ പ്രോസസിംഗ് ആണ് സന്നിധാനത്ത് ശർക്കര വിതരണത്തിന് കരാറുള്ളത്. ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കിയ ഹലാൽ മുദ്രയുള്ള പാക്കറ്റുകളിൽ ചിലതാണ് സന്നിധാനത്ത് പ്രസാദം തയ്യാറാക്കാൻ എത്തിച്ചത്. ഇത് ഭക്ഷ്യയോഗ്യമല്ലെന്നായിരുന്നു പ്രചാരണം.
ഫുഡ്സേഫ്റ്റി വിഭാഗത്തിന്‍റെ അംഗീകാരമുള്ള ഉല്‍പന്നങ്ങളാണ് പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ വാര്യർ പറഞ്ഞു. മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കീഴ്വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചെന്ന് കാട്ടി ശബരിമല കർമസമിതി കൺവീനർ എസ്.ജെ.ആർ കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ ദേവസ്വം ബോർഡ് ഇന്ന് കോടതിക്ക് വിശദീകരണം നൽകും.
മണ്ഡല കാല ഒരുക്കങ്ങൾ വിലയിരുത്താന്‍ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജലദൗർലഭ്യം നേരിടുന്നു എന്ന ഭക്തരുടെ പരാതി ചർച്ചയാകും. സ്റ്റാളുകളുടെ ലേലവും യോഗം പരിഗണിക്കും.