ഷാജി സമസ്തയുടെ പണ്ഡിതസഭയെ അപമാനിച്ചു; സിഐസി വിഷയത്തില്‍ ഇടപെടേണ്ട-ഹമീദ് ഫൈസി അമ്പലക്കടവ്

സമസ്ത വിഷയത്തിൽ ഇടപെടേണ്ട ആരുമല്ല ഷാജിയെന്നും അദ്ദേഹത്തെ സുന്നിയോ സമസ്തക്കാരനോ എന്നു പോലും പറയാൻ പറ്റില്ലെന്നും മുസ്തഫ മുണ്ടുപാറ

Update: 2024-11-03 15:30 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനത്തിൽ മുക്കം ഉമർ ഫൈസിയെ പിന്തുണച്ച് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ. മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി സമസ്തയുടെ പണ്ഡിതസഭയെ അപമാനിച്ചെന്ന് എസ്‌വൈഎസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സിഐസി വിഷയത്തിൽ ഷാജി ഇടപെടേണ്ടെന്നും സമസ്തയെ അസ്ഥിരപ്പെടുത്താനുള്ള സലഫി-ജമാഅത്തെ ഇസ്‌ലാമി ഗൂഢാലോചന തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമസ്തയിൽ സിപിഎം സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുവെന്ന ഷാജിയുടെ ആരോപണം അത്യന്തം ഭീകരമാണ്. സമസ്ത കേരളത്തിലെ സമുന്നതരായ ആത്മീയ പണ്ഡിതനേതൃത്വമാണ്. അവർക്കിടയിൽ സിപിഎം പോലെയുള്ള ഭൗതിക രാഷ്ട്രീയ പാർട്ടിയുടെ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട് എന്നു പറയുന്നത് സമസ്തയെയും സംഘടനയെ അംഗീകരിക്കുന്ന ജനലക്ഷങ്ങളെയും അപമാനിക്കലാണ്. സമസ്തയിൽ ജനലക്ഷങ്ങൾ സ്‌നേഹിക്കുന്ന നേതാവാണ് ഷാജി. അദ്ദേഹത്തെ പോലെയുള്ള ഒരാൾ സമസ്തയെ ഇങ്ങനെ അപമാനിക്കാൻ പാടില്ലായിരുന്നുവെന്നും ഹമീദ് ഫൈസി പറഞ്ഞു.

സമസ്തയെയും പണ്ഡിതസഭയെയും ആക്ഷേപിക്കുകയാണ് കെ.എം ഷാജിയെന്ന് എസ്‌വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു. ഈ വിഷയത്തിൽ ഇടപെടേണ്ട ആരുമല്ല അദ്ദേഹം. അദ്ദേഹത്തെ സുന്നിയോ സമസ്തക്കാരനോ എന്നു പോലും പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌വൈഎസ് നേതാവ് കെ.കെ.എസ് തങ്ങൾ, എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ്, വൈസ് പ്രസിഡന്റ് താജുദ്ദീൻ ദാരിമി എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.

സമസ്തയിൽ സിപിഎമ്മിന്റെ സ്ലീപിങ് സെല്ലു​ണ്ടെങ്കിൽ അത് തുറന്നുപറയണമെന്ന് കെ.എം ഷാജി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്ലീപ്പിങ് സെല്ലുകൾ അവർ സിപിഎമ്മുകാ​രാണെന്നും ഉറച്ച സമസ്തക്കാരാണെന്നും തുറന്നുപറയണം. ചിലർ എ​ന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാൻ നിരന്തരം സിപിഎമ്മിന് സ്തുതി പാടുകയും, അവരെ പ്രീതിപ്പെടുത്താൻ പാണക്കാട് തങ്ങന്മാരെയും ലീഗിനെയും ആക്ഷേപിക്കുകയാണ്. അതിനെ ഞങ്ങൾ കൈയുംകെട്ടി നോക്കിനിൽക്കുമെന്ന് ആരും കരുതേണ്ട. ലീഗും സമസ്തയും തങ്ങൾക്ക് വേണ്ടപ്പെട്ട പ്രസ്ഥാനങ്ങളാണ്. ജിഫ്രി തങ്ങൾക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പ്രവർത്തകനെതിരെ ലീഗ് നടപടി എടുത്തിട്ടുണ്ട്. അതേ മാന്യത തിരിച്ചും കാണിക്കണമെന്നും വിശദീകരണം കൊണ്ട് പ്രശ്നത്തിനു പരിഹാരമാകില്ലെന്നും ഷാജി വ്യക്തമാക്കി.

Summary: KM Shaji insulted the scholarly assembly of Samastha; Salafi-Jamaat Islami Conspiracy to Destabilize Samasta Must Be Realized-Abdul Hameed Faizy Ambalakadav

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News