ഹരിപ്പാടിൽ തീപിടിത്തം; 25 ലക്ഷത്തിന്‍റെ നാശനഷ്ടം, കട പൂർണമായി കത്തി നശിച്ചു
കരുവാറ്റ ആശ്രമം ജങ്ഷനു സമീപം കാർഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വിൽപ്പന നടത്തുന്ന കർഷകന്റെ കട എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റലുണ്ടായ തീപിടിത്തത്തിൽ കട കത്തി നശിച്ചു. ദേശീയപാതക്കരുകിൽ കരുവാറ്റ ആശ്രമം ജങ്ഷനു സമീപം കാർഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വിൽപ്പന നടത്തുന്ന കർഷകന്റെ കട എന്ന സ്ഥാപനമാണ് പൂർണ്ണമായും കത്തി നശിച്ചത്. കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും കത്തി.
പുലർച്ച അഞ്ചുമണിയോടെ കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഉടമയെ വിവരമറിയിച്ചത്. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയപ്പോഴേക്കും കടയും അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും പൂർണമായും കത്തിയമർന്നു. കടക്കുള്ളിൽ തീ വ്യാപിച്ചതിന് ശേഷമാണ് മേൽക്കൂരയിലേക്ക് തീ പടർന്നത്. ഇതു മൂലമാണ് തീപിടുത്തം അറിയാതെ പോയത്. കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും കത്തി. ഇരുമ്പ് തൂണുകളിൽ ടിൻ ഷീറ്റും ഇടഷ്ടികയും ഉപയോഗിച്ചാണ് കട നിർമിച്ചിരുന്നത്. മേൽക്കൂര ഓടും ഷീറ്റുമായിരുന്നു. പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.