വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും പ്രതികളായാണ് കേസ്.
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. താമരശ്ശേരി സ്വദേശി ഹർഷിനയുടെ പരാതിയിൽ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശനാണ് അന്വേഷണം പൂർത്തിയാക്കിയത്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും പ്രതികളായാണ് കേസ്.
കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 104 ദിവസം നീണ്ട സമരമാണ് ഹർഷിന നടത്തിയത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ വൈകിയതിനെതിരെയും പ്രതിഷേധമുയർന്നിരുന്നു. ഇന്നലെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ചില കാര്യങ്ങൾ പൂർത്തികരിക്കാനുള്ളതുകൊണ്ടാണ് ഇന്നത്തേക്ക് മാറ്റിയത്.
2017 നവംബർ 30-നാണ് പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ഇത് സംബന്ധിച്ച് നിരവധി തവണ ചർച്ച നടത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. തുടർന്നാണ് ഹർഷിന പ്രത്യക്ഷ സമരത്തിലേക്ക് തിരിഞ്ഞത്.