ചികിത്സാ പിഴവിനെ തുടർന്ന് 7 വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന ഹർഷിന ശസ്ത്രക്രിയക്ക് വിധേയയായി
അടിവയറിന്റെ ഇടതു ഭാഗത്ത് കത്രിക കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയയാണ് ഇന്ന് നടന്നത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് 7 വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന ഹർഷിന തുടർ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയക്ക് വിധേയയായി.
അടിവയറിന്റെ ഇടതു ഭാഗത്ത് കത്രിക കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയയാണ് ഇന്ന് നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിലൂടെ അടിവയറിന്റെ ഇടതു ഭാഗത്ത് കത്രിക കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കം ചെയ്തു.
2017 നവംബർ 30ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.2022 സെപ്റ്റംബർ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയും കത്രിക കിടന്ന ഭാഗത്തെ ഗ്രന്ഥിക്കുള്ളിലെ പഴുപ്പ് രണ്ടു തവണ നീക്കുകയും ചെയ്തു.എന്നിട്ടും വേദന മാറാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവിടെ മാംസപിണ്ഡം രൂപപ്പെട്ടതായി കണ്ടത്..ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും പണമില്ലാത്ത അവസ്ഥയിലാണ് ഹർഷിനയും കുടുംബവും.. ഹർഷിനയുടെ തുടർ ചികിത്സക്കായി സമര സമിതിയുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിരുന്നു.