കളമശ്ശേരി സ്ഫോടനം; മുസ്‍ലിംകള്‍ക്കെതിരെ നടന്നത് കടുത്ത വിദ്വേഷ പ്രചാരണം
സ്ഫോടനത്തെ ഫലസ്തീന്‍ പ്രശ്നവുമായി ചേർത്ത് തീവ്ര ഹിന്ദുത്വ വാദികളും കാസ പോലുള്ള തീവ്ര ക്രൈസ്തവ സംഘങ്ങളും വംശീയപ്രചാരണം നടത്തി
കൊച്ചി: കളമശ്ശേരി സ്ഫോടന വാർത്ത പുറത്തുവന്നതു മുതല്‍ മുസ്‍ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. സ്ഫോടനത്തെ ഫലസ്തീന്‍ പ്രശ്നവുമായി ചേർത്ത് തീവ്ര ഹിന്ദുത്വ വാദികളും കാസ പോലുള്ള തീവ്ര ക്രൈസ്തവ സംഘങ്ങളും വംശീയപ്രചാരണം നടത്തി.
സ്ഫോടനം നടത്തിയത് ആരെന്ന കാര്യത്തില്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് ഒരു സംശയവുമില്ല. കേരളത്തിലെ ഫലസ്തീന്‍ ഐക്യദാർഢ്യ പരിപാടികളാണണ് സ്ഫോടനത്തിന് കാരണമെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. ഭീകരരെ പിന്തുണക്കുന്ന സംസ്ഥാന സർക്കാരും ഉത്തരവാദിയാണ് പോലും. ജൂതർക്ക് തുല്യമായ വിശ്വാസമുള്ള യഹോവസാക്ഷികള്‍ ആക്രമിക്കപ്പെട്ടതെന്നതിനാല്‍ പലസ്തീനും ഹമാസിനും ബന്ധമുണ്ടെന്ന കണ്ടുപിടുത്തമാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ നടത്തിയത്. സന്ദീപ് വാര്യരുടെ പോസ്റ്റ് പിന്നീട് അപ്രത്യക്ഷമായി. വിദ്വേഷപ്രചാരണ കേസുകളില്‍ പ്രതിയായ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങി.
മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും സംഘപരിവാ വാദങ്ങള്‍ അതുപോലെ വാർത്താ തലക്കെട്ടുകളാക്കി. യഹോവ സാക്ഷികളോട് തെറ്റിപ്പിരിഞ്ഞ ഡൊമിനിക് മാർട്ടിന്‍ കുറ്റമേറ്റ് കീഴടങ്ങിയതോടെ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ ഭീകരകഥകള്‍ ആവിയായി. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍റെ ആവേശവും വല്ലാതെ കെട്ടു. കാള പെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്ത വിദ്വേഷ പ്രചാരകരും വംശീയവാദികളായ മാധ്യമങ്ങളും ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെട്ടു.