വിദ്വേഷ പ്രസംഗം; പി.സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് സർക്കാർ

കേസ് പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി

Update: 2022-05-11 07:50 GMT
Advertising

തിരുവനന്തപുരം: വിദ്വേഷപ്രസംഗക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ച പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. പിസി ജോർജ് സമാന കുറ്റങ്ങൾ ആവർത്തിക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസ് പരിഗണിക്കുന്നത് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 17 ലേക്ക് മാറ്റി. 

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത് കൊണ്ട് ഒരു മതവിഭാഗത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗമാണ് കേസിനാധാരം. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പി.സി ജോര്‍ജ്ജ് വിദ്വേഷപ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പറഞ്ഞത് പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കോടതിയോട് പോലും ബഹുമാനമില്ലാതെ എന്തും വിളിച്ചു പറയുകയാണ് പി.സി ജോര്‍ജ്ജ്. അദ്ദേഹത്തിന് സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ അത് മറ്റൊരാളുടെ മതസ്വാതന്ത്യത്തെ ഹനിക്കുന്നതാകരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പി.സിയുടെ പ്രസംഗം ഭരണഘടനാ ലംഘനമാണെന്നും സര്‍ക്കാര്‍ വാദിച്ചു. പ്രോസിക്യൂഷനെ കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയതെന്ന വാദം സര്‍ക്കാര്‍ മുന്നോട്ട് വച്ചെങ്കിലും ഈ കേസിൽ അത് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ഒളിവില്‍ പോയ ആളെയല്ല അറസ്റ്റ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടെ ഉണ്ടായിരുന്നില്ലെയെന്നും കോടതി ചോദിച്ചു. പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗത്തിന്റെ സി.ഡി പ്രതിഭാഗത്തിന് നല്‍കാനും കോടതി നിര്‍ദേശം നല്‍കി.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News