വിദ്വേഷ പ്രചാരണം നടത്തിയെന്ന് പരാതി: പത്തനംതിട്ടയിൽ ഒരാൾ കൂടി അറസ്റ്റിൽ
ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പത്തനംതിട്ടയിൽ ഒരാൾ കൂടി അറസ്റ്റിൽ. റാന്നി കോട്ടങ്ങൽ സ്വദേശിയായ അഡ്വ. ഷഹനാസ് കെ ഷാജി (27) ആണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് നേതാവായ ഇയാൾ ഹിന്ദു മതത്തെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാണ് പരാതി. ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്ന് പെരുമ്പെട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതിനിടെ, ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് അഷ്‌കർ ഉൾപ്പെടെയുള്ള നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ സമ്മേളനത്തിനെത്തിച്ച പി.എഫ്.ഐ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ , മരട് ഡിവിഷൻ സെക്രട്ടറി നഹാസ് എന്നിവരും അറസ്റ്റിലായി. ഇവരെ നാളെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും.അതേസമയം, ഇരട്ട നീതിയാണ് സംഭവത്തിൽ നടക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു.
കുട്ടിയും പിതാവും നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നും മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 'വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തത്.