ബോബി ചെമ്മണൂര്‍ പുറത്തേക്ക്; ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം

കുറ്റം ചെയ്തില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം

Update: 2025-01-14 07:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. കുറ്റം ചെയ്തിട്ടില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഉപാധികൾ സംബന്ധിച്ച് മൂന്നരയ്ക്ക് വിശദമായ ഉത്തരവിറക്കാമെന്നും കോടതി പറഞ്ഞു.

ബോബി ചെമ്മണൂർ നടിക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ടില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ചടങ്ങിൽ വച്ച് നടി പ്രതികരിക്കാതിരുന്നത് നടിയുടെ മാന്യതയാണെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. ഹണി റോസിന് അസാമാന്യ മികവില്ലെന്ന ജാമ്യാപേക്ഷയിലെ പരാമർശത്തെയും കോടതി വിമർശിച്ചു. എന്നാൽ ഈ പരാമർശം പിൻവലിക്കുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹിക മാധ്യമ പോസ്റ്റുകളിൽ ഉൾപ്പെടെ മുമ്പും ബോബി ചെമ്മണൂർ ഇത്തരം പരാമർശങ്ങൾ നടത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പരിശോധിച്ചു. ഇനിയും കസ്റ്റഡി ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി, ഇത്തരം പരാമർശങ്ങൾക്കുള്ള പ്രത്യാഘാതം ഇതിനകം തന്നെ പൊതുജനങ്ങൾക്ക് ബോധ്യമായിട്ടുണ്ടാകുമെന്നും പറഞ്ഞു. തുടർന്ന് ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞ കോടതി ഉപാധികൾ സംബന്ധിച്ച് മൂന്നരയ്ക്ക് വിശദമായ ഉത്തരവിറക്കാമെന്നും വ്യക്തമാക്കി. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ആറാം ദിവസം ബോബി ജയിലിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വഴിയൊരുങ്ങുകയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News