നടിയെ ആക്രമിച്ച കേസ്; അതിജീവിതക്ക് ഹൈക്കോടതിയുടെ വിമര്‍ശം
വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനാണ് വിമര്‍ശനം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനാണ് വിമര്‍ശനം. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്ന് കോടതി ചോദിച്ചു.
പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി. എന്നാല്‍ പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന് കോടതി ആരാഞ്ഞു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു. അതേസമയം കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് നടി നൽകിയ ഹരജിയിൽ കക്ഷി ചേരാൻ ദിലീപിന് കോടതി അനുമതി നൽകി.
തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് നടി കോടതിയെ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. ഇതേ ആവശ്യവുമായി ജനനീതി സംഘടന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് കത്തു നല്‍കിയിരുന്നു.