''ജനങ്ങളെ തടയാൻ പാടില്ല, അവരാണ് ഞങ്ങളെ നേതാക്കളും മന്ത്രിയുമാക്കിയത്''; കോടിയേരിയുടെ ഗൺമാൻ
'എവിടെ നിന്ന് കിട്ടുന്ന നിവേദനങ്ങളായാലും തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞാൽ അതിനെ കുറിച്ച് ചോദിക്കും'
കണ്ണൂർ: തന്നെ കാണാൻ വരുന്നവരെ തടഞ്ഞുവെക്കുന്നത് കോടിയേരി ബാലകൃഷ്ണന് ഇഷ്ടമല്ലായിരുന്നെന്ന് അദ്ദേഹത്തിന്റെ ഗൺമാനായിരുന്ന എം.കെ ശശീന്ദ്രൻ. 'ആഭ്യന്തരമന്ത്രിയായിരുന്ന ഘട്ടത്തിൽ സുരക്ഷയുടെ ഭാഗമായി അദ്ദേഹത്തിന്റെ അടുത്തേക്ക് വരുന്നവരെ മാറ്റേണ്ടിവരാറുണ്ട്. പക്ഷേ അത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. ജനങ്ങളുടെ അടുത്ത് നിങ്ങൾ ഞങ്ങളെ തടയാൻ പാടില്ല. ജനങ്ങളാണ് ഞങ്ങളെ ഈ മന്ത്രിയാക്കിയത്' എന്നദ്ദേഹം പറയുമായിരുന്നു. ശശീന്ദ്രൻ ഓർത്തു. കഴിഞ്ഞ 24 വർഷത്തിലേറെയായി കോടിയേരിയുടെ സുരക്ഷാഉദ്യോഗസ്ഥനായി ജോലി ചെയ്തുവരിയാണ് ശശീന്ദ്രൻ.
ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നതിലുപരിയായി സഹോദരനോടോ ബന്ധുവിനോടോ ഉള്ള സ്‌നേഹം അദ്ദേഹം എല്ലാ ഘട്ടത്തിലും കാണിച്ചിട്ടുണ്ടെന്നും ശശീന്ദ്രൻ ഓർത്തെടുക്കുന്നു. 'ഞങ്ങൾക്ക് മാത്രമല്ല, ഞങ്ങളെപ്പോലെയുള്ള മറ്റ് ഒരുപാട് ഉദ്യോഗസ്ഥരുണ്ട്. അവരുടെ അടുത്തും അങ്ങനെതന്നെയാണ്.അതിനേക്കാൾ ഉപരി മറ്റുള്ള ആളുകളുടെ അടുത്തും അങ്ങനെയായിരുന്നു. രാഷ്ട്രീയത്തിലുപരിയായി എല്ലാ രാഷ്ട്രീയക്കാരുമായിട്ട് അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും ശശീന്ദ്രൻ പറയുന്നു.
'അദ്ദേഹം ആഭ്യന്തരമന്ത്രിയായിട്ട് ഉള്ള സമയത്ത് പോലും റോഡപകടങ്ങളിൽ പെടുന്നവരെ സമയം പോലും നോക്കാതെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും വണ്ടിയിൽ നിന്നിറങ്ങി പരിക്കേറ്റവരെ ആ വണ്ടിയിൽ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട്. രണ്ടോ മൂന്നോ സംഭവങ്ങൾ ഇപ്പോഴും എനിക്ക് ഓർമയുണ്ട്. അദ്ദേഹം പറഞ്ഞു..
'എവിടെ നിന്ന് കിട്ടുന്ന നിവേദനങ്ങളായാലും തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞാൽ അത് തരം തിരിച്ചുവെക്കും. എന്നിട്ട് അതിനെ കുറിച്ച് ചോദിക്കും. ഈ സ്ഥലത്ത് നിന്ന് ഇങ്ങനെയൊരു നിവേദനം കിട്ടിയില്ലേ എന്നൊക്കെ ഓർത്തെടുത്ത് ചോദിക്കും. അത്രപോലും ഓരോ ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം സൂക്ഷ്മമായിട്ട് ശ്രദ്ധിക്കുള്ള ആളായിരുന്നു അദ്ദേഹം. വളരെ സൗഹൃദപരമായിട്ടാണ് എല്ലാരുടെ അടുത്തും എല്ലായ്‌പോഴും പെരുമാറിയത്. ഇത്രയും വർഷത്തിനിടയ്ക്ക് ഒരാളോട് മുഖം കറുപ്പിച്ചിട്ട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.