'പേര് വിളിക്കാൻ വൈകിയപ്പോൾ അസ്വസ്ഥനായി, ആസിഫ് പുരസ്കാരം കൊണ്ടുവന്നതാണെന്ന് മനസിലായില്ല': രമേശ് നാരായണൻ

ആസിഫിനെ വിളിച്ച് ക്ഷമ ചോദിക്കുമെന്നും രമേഷ് നാരായണൻ

Update: 2024-07-16 08:57 GMT
Advertising

 

കൊച്ചി: എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷ വേദിയിൽ നടൻ ആസിഫ് അലിയെ അപമാനിച്ചതിൽ വിശദീകരണവുമായി സംഗീതജ്ഞൻ രമേഷ് നാരായണൻ. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ലെന്നും ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും രമേഷ് നാരായണൻ പറഞ്ഞു. 'തന്റെ പേര് വിളിക്കാൻ വൈകി,  വേദിയിൽ നിന്ന് പൊയ്ക്കോട്ടേയെന്ന് ചോ​ദിച്ചു, തന്റെ പേരുമാറ്റി സന്തോഷ് നാരായണൻ എന്നാണ് വിളിച്ചത്, അതിൽ അസ്വസ്ഥതനായി' അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്നും ആസിഫ് പുരസ്കാരം കൊണ്ടാണ് വരുന്നതെന്ന് തനിക്ക് മനസ്സിലായില്ല, തെറ്റിദ്ധാരണ വന്നെങ്കിൽ ആസിഫിനെ വിളിച്ച് ക്ഷമ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.ടിയുടെ കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന 'മനോരഥങ്ങൾ' എന്ന ആന്തോളജി സീരീസിൻറെ ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം സ്വീകരിക്കാൻ വിമുഖത കാണിക്കുകയായിരുന്നു രമേഷ് നാരായണൻ. പിന്നീട് സംവിധായകൻ ജയരാജിനെ വിളിച്ച് പുരസ്‌കാരം മാറ്റിവാങ്ങിക്കുകയും ചെയ്തു.

ആന്തോളജിയുടെ ഭാഗമായ അണിയറ പ്രവർത്തകരെ ആദരിക്കുന്ന കൂട്ടത്തിലായിരുന്നു രമേഷ് നാരായണനും പുരസ്‌കാരം നൽകിയത്. സീരീസിൽ ജയരാജ് സംവിധാനം ചെയ്യുന്ന 'സ്വർഗം തുറക്കുന്ന സമയം' എന്ന ചിത്രത്തിന് സംഗീതം നൽകിയത് രമേഷാണ്. പുരസ്‌കാരം നൽകാൻ ആസിഫ് അലിയെയും സ്വീകരിക്കാൻ രമേഷ് നാരായണനെയും അവതാരക സ്വാഗതം ചെയ്തപ്പോഴായിരുന്നു വിവാദ സംഭവം. ആസിഫ് അലി പുരസ്‌കാരം കൈമാറിയെങ്കിലും മുഖത്തു പോലും നോക്കാതെ നീരസം പരസ്യമാക്കിയാണ് രമേഷ് നാരായണൻ മൊമെന്റോ സ്വീകരിച്ചത്. പിന്നാലെ ആസിഫ് അലി തൊട്ടടുത്തുനിൽക്കെ ജയരാജിനെ അടുത്തേക്കു വിളിച്ചു. ഇതോടെ ആസിഫ് അലി പതുക്കെ വേദിയിൽനിന്നു പിന്മാറി. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News