ഓടംപറ്റയിലെ മൈതാനത്ത് കളിക്കാൻ ഇനി അവനില്ല; നിപ ബാധിച്ച് മരിച്ച 14കാരന് വിങ്ങലോടെ ജന്മനാട് വിട നൽകും

ഖബറടക്കം ഓടംപറ്റ ജുമാ മസ്ജിദിലെ ഖബർ സ്ഥാനിൽ നിപ പ്രോട്ടോക്കോൾ പ്രകാരം നടക്കും

Update: 2024-07-21 11:32 GMT
Advertising

കോഴിക്കോട്: പരിശ്രമങ്ങളും പ്രാർഥനകളും പാഴായി. ഓടംപറ്റയിലെ മൈതാനയിലെ വൈകുന്നേരങ്ങളിൽ കൂട്ടുകാർക്കൊപ്പം കാൽപന്ത്കളിക്കാൻ ഇനി അവനുണ്ടാവില്ല. ജൂലൈ 10ന് ചെറിയ പനിയാണ് ആദ്യം വന്നത്. സ്‌കൂൾ വിട്ട് വന്നതിന് പിന്നാലെയായിരുന്നു പനിയുടെ ലക്ഷണങ്ങൾ. പിന്നീട് ആരോ​ഗ്യ നില വഷളായി തുടങ്ങി. അപ്പോഴും തന്റെ ജീവൻ കവർന്നെടുക്കാൻ വന്ന നിപ എന്ന ഭീകര വൈറസ് ശരീരത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന് അവനും അവന്റെ പ്രിയപ്പെട്ടവർക്കും അറിയില്ലായിരുന്നു.

മലപ്പുറത്ത് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നയച്ച സ്രവ സാമ്പിളാണ് നിപ പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുന്നത്. അപ്പോഴും എത്ര വേ​ഗത്തിലും പായുന്ന പന്തിന് പുറകിലും ഓടിയെത്താൻ കഴിയുമായിരുന്ന കരുത്തുള്ള കളിക്കാരന് നിപ്പയെ അനായാസം ചെറുക്കാൻ കഴുയുമെന്ന പ്രതീക്ഷയിലായിരുന്നു പാണ്ടിക്കാട് മുഴുവൻ. പക്ഷെ എല്ലാവരും കരുതിയ പോലെ അത്ര എളുപ്പമായിരുന്നില്ല അവന്റെ ചെറുത്ത് നിൽപ്പ്. അവന്റെ തിരിച്ചിവരവിനായി കാത്തിരുന്ന പ്രിയപ്പെട്ടവരുടെ നെഞ്ചിൽ ഇടിത്തീപ്പോലെ ആ വാർത്തയെത്തി. നിപ ബാധിച്ച 14 കാരന്റെ നില അതീവ ​ഗു‌രുതരം. എങ്കിലും ആരും പ്രതീക്ഷ കൈവിടാൻ തയാറായിരുന്നില്ല. പ്രാർഥനകൾ മുടക്കിയതുമില്ല.

എന്ത് വിലകൊടുത്തും അവന്റെ ജീവൻ നില നിർത്താൻ കഴിയുന്നതെല്ലാം ചെയ്യാൻ സർക്കാർ തലത്തിലും ഉദ്യോ​ഗസ്ഥ തലത്തിലും കടുത്ത പരിശ്രമം. വിദേശത്തുനിന്ന് ഉടൻ മരുന്ന് എത്തുമെന്ന വാർത്താ പിന്നാലെ. വീണ്ടും പ്രതീക്ഷയുടെ തുടിപ്പിന് വേ​ഗത കൂടുന്നു. അതിനിടയിൽ ആരും പ്രതീക്ഷാത്ത, കേൾക്കാൻ ആ​ഗ്രഹിക്കാത്ത വാർത്ത. വെന്റിലേറ്ററിൽ തുടരുന്ന പൊന്നോമനയ്ക്ക് ഹൃദയാഘാതമുണ്ടായി. അത് കഴിഞ്ഞ് അധിക സമയമായില്ല, തന്റെ പ്രിയപ്പെട്ടവരെ തനിച്ചാക്കി അവൻ യാത്രയായി എന്ന മരവിപ്പിക്കുന്ന വാർത്തയെത്തി.

പനി മാറി ഉടൻ കളിക്കാനെത്തുന്ന തങ്ങളുടെ ചങ്ങാതിയെ കാത്തിരിക്കുന്ന കൂട്ടുകാരെ ഇനിയെന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന വേവലാതിയിലാണ് ഓടംപറ്റക്കാർ. ഏറെ കൊതിച്ച് വാങ്ങിയ കറുത്ത ബൂട്ട്ക്കെട്ടാൻ ഇനി അവനുണ്ടാവില്ലെന്ന തിരിച്ചറിവലേക്കെത്താൻ ഇവർക്ക് ഇനിയും ഒരുപാട് സമയം വേണ്ടി വരും. കാരണം അവനും അവന്റെ ഓർമകളും അത്ര എളുപ്പത്തിൽ മറക്കാൻ കഴിയുന്നവയല്ല. പ്രായം 14 വയസ് മാത്രമാണെങ്കിലും അവൻ കണ്ടിരുന്ന സ്വപ്നങ്ങൾക്ക് അവനേക്കാളും പ്രായവും പക്ക്വതയുമുണ്ടായിരുന്നു.

കേരളക്കരയെ മുഴുവൻ കണ്ണീരിലെത്തിയ പിഞ്ചോമനയ്ക്ക് മനസ്സില്ലാ മനസ്സോടെ ജന്മനാട് ഇന്ന് വിട നൽകും. പാണ്ടിക്കാട് ഓടംപറ്റ ജുമാ മസ്ജിദിലെ ഖബർ സ്ഥാനിൽ വൈകുന്നേരം 5 മണിയോടെ നിപ്പ പ്രോട്ടോക്കോൾ പ്രകാരം മൃതദേ​ഹം ഖബറടക്കും. പ്രിയപ്പെട്ടവനേ നീയും നിൻ്റെ ഓർമകളും മലയാളിയുടെ നെഞ്ചിൽ ഒരു നീറലായ് എന്നും ഉണ്ടാവും... തീർച്ച...

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News