'എന്നെ കണ്ടതും അവന്‍ ഞെട്ടി, വെള്ളക്കടലാസിൽ മിഠായി പൊതിയില്ലല്ലോ'; കേരളത്തിൽ ലഹരി മാഫിയ പിടിമുറുക്കിയതായി ഗീവർഗീസ് മാർ കൂറിലോസ്

'നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിനപ്പുറത്തേക്ക് കേരളത്തിൽ ലഹരി മാഫിയ പിടിമുറുക്കി'

Update: 2022-09-17 13:57 GMT
Editor : ijas
Advertising

തിരുവനന്തപുരം: ലഹരിമരുന്നുകള്‍ക്കെതിരായ മീഡിയവണ്‍ പരമ്പരയെ അഭിനന്ദിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. 'ഉണരൂ ലഹരിക്കെതിരെ (Say no to drugs)' എന്ന മീഡിയവണ്‍ പരമ്പര പരാമര്‍ശിച്ചാണ് ഗീവർഗീസ് മാർ കൂറിലോസ് ലഹരിക്കെതിരായ ഇടപെടലിനെ പ്രശംസിച്ചത്. ഒരുമാസം മുമ്പ് വരെ വീടിന് മുന്നില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയായിരുന്നുവെന്നും ഒരു ലഹരി ഉപയോഗ കാഴ്ചക്ക് ശേഷം സൈക്കിള്‍ പാര്‍ക്ക് ചെയ്യാനുള്ള അനുവാദം നിര്‍ത്തേണ്ടി വന്നതായും കൂറിലോസ് ഫേസ്ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തി. നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിനപ്പുറത്തേക്ക് കേരളത്തിൽ ലഹരി മാഫിയ പിടിമുറുക്കിയതായും വഴിയിലെ കുഴി, നായ ശല്യം എന്നിവയേക്കാള്‍ അതീവ ജാഗ്രതയോടെ നമ്മൾ അഭിമുഖീകരിക്കേണ്ട പ്രശ്നമാണ് ലഹരി വ്യാപനമെന്നും ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.

ഗീവര്‍ഗീസ് കൂറിലോസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഉണരൂ...ഏകദേശം ഒരു മാസം മുമ്പ് വരെ ഞങ്ങളുടെ മുറ്റത്തെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. എന്നാൽ കുട്ടികളുടെ സൈക്കിൾ ഇവിടെ പാർക്ക് ചെയ്യുന്നത് ഞങ്ങൾക്ക് നിർത്തേണ്ടിവന്നു. കാരണം പറയാം. ഒരു ദിവസം വൈകുന്നേരം ഞാൻ പുറത്തേക്ക് വരുമ്പോൾ ഒരു പയ്യൻ മതിലിനോട് ചേർന്നുനിൽക്കുന്നത് കണ്ടു. ആരും കാണാതെ മൂത്രമൊഴിക്കുക ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ എന്നെ കണ്ടതും പെട്ടെന്ന് ഞെട്ടി. അവൻ ആരും കാണാതെ എന്തോ വായിൽ നാക്കിന് അടിയിലേക്ക് വയ്ക്കുകയായിരുന്നു. ഒരു കടലാസ് കഷണം താഴെ വീഴുന്നു. മിഠായിയാണ് എന്ന് പറഞ്ഞ് സൈക്കിൾ എടുത്ത് പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. സാധാരണ വെള്ളക്കടലാസിൽ മിട്ടായി പൊതിയുകയില്ലല്ലോ. എന്തോ ലഹരി സാധനം ആയിരുന്നു എന്ന് ഉറപ്പ്. ഞാൻ പറഞ്ഞു വരുന്നത് നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിനപ്പുറത്തേക്ക് കേരളത്തിൽ ലഹരി മാഫിയ അതിന്‍റെ പിടിമുറുക്കിയിരിക്കുന്നു. കേരളത്തിൽ നിരവധി പ്രശ്നങ്ങൾ ഇന്നുണ്ട്. വഴിയിലെ കുഴി, നായ ശല്യം, ഒക്കെ പ്രശ്നങ്ങളാണ്. എന്നാൽ അതിലൊക്കെ ഉപരിയായി അതീവ ജാഗ്രതയോടെ നമ്മൾ അഭിമുഖീകരിക്കേണ്ട പ്രശ്നമാണ് ലഹരി വ്യാപനം. സ്കൂളിലെ കുട്ടികൾ പലരും ഇതിന് അടിമകളായി മാറിയിരിക്കുന്നു. കോളേജ് ക്യാമ്പസുകൾ ഇക്കാര്യത്തിൽ അതിലും മോശമായിരിക്കുന്നു. ചുറ്റുമുള്ള പല കടകളിലും ലഹരിവസ്തുക്കൾ ലഭ്യമായിരിക്കുന്നു. പലപ്പോഴും അധികാരികളുടെ അറിവോടെ തന്നെ. മാതാപിതാക്കൾ കുട്ടികൾ തിരിച്ചു വരുമ്പോൾ എല്ലാ ദിവസവും അവരുടെ ബാഗുകളും ഒക്കെ ശ്രദ്ധിക്കണം. അവരിൽ വരുന്ന ഭാവ വ്യത്യാസങ്ങളും സ്വഭാവ വ്യത്യാസങ്ങളും ഒക്കെ ശ്രദ്ധിക്കണം. വലിയ സാമൂഹിക വിപത്താണ് നമ്മൾ നേരിടാൻ പോകുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു യുവതലമുറയാണ് വളർന്നുവരുന്നത് എന്ന് ചിന്തിക്കുമ്പോൾ നമ്മുടെ നാടിന്‍റെ ഭാവിയെക്കുറിച്ച് ഭീതി തോന്നുന്നു. നമുക്ക് ഒരുമിച്ചു പോരാടാം ഈ സാമൂഹ്യ ദുരന്തത്തിനെതിരെ. മീഡിയവൺ ചാനൽ #MediaoneNews ഈ വിഷയത്തിൽ നടത്തുന്ന ഇടപെടൽ ( ഉണരൂ) അഭിനന്ദനങ്ങൾ അർഹിക്കുന്നു.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News