'പരിശോധനക്കയച്ചത് കൊണ്ടാണ് പിൻവലിച്ചത്, നടപടിക്രമം മാത്രമാണിത്'; വാക്‌സിൻ പിൻവലിച്ചതിൽ തെറ്റിദ്ധാരണ പ്രചരിക്കുന്നു എന്ന് ആരോഗ്യമന്ത്രി
''വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമ്പോഴുള്ള ഒരു കീഴ് വഴക്കമാണ് ആ ബാച്ചിൽപ്പെട്ട ബാക്കി വാക്സിൻ പരിശോധനാ ഫലം വീണ്ടും വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത്''
തിരുവന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാർത്തകൾ പ്രചരിക്കുന്നു എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയത്.
കടിയേറ്റ് മരിച്ചവരിൽ വാക്‌സിനെടുത്ത അഞ്ചുപേർ ഉണ്ടെന്ന് മനസിലായപ്പോൾ പ്രസ്തുത ബാച്ചിൽപെട്ട വാക്‌സിൻ പരിശോധനക്കയക്കാൻ തീരുമാനിച്ചിരുന്നു. ഈ സമയത്ത് ബാച്ചിൽപെട്ട ബാക്കി വാക്സിൻ പരിശോധനാ ഫലം വീണ്ടും വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത് സാധാരണ തുടരുന്ന കീഴ്‍വഴക്കമാണെന്ന് മന്ത്രി പറഞ്ഞു. ഈ ബാച്ച് നേരത്തെ കേന്ദ്ര ഡ്രഗ് ലബോറട്ടറിയിൽ പരിശേധിച്ചിട്ടുള്ളതാണെന്നും ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം കെ.എം.എസ്.സി.എൽ ലഭ്യമാക്കിയ സർട്ടിഫിക്കറ്റും മന്ത്രി കുറിപ്പിനോടൊപ്പം ചേർത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
വാക്സിൻ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാർത്തകൾ പ്രചരിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണീ കുറിപ്പ് എഴുതുന്നത്.
നായകളിൽ നിന്നുള്ള കടിയേറ്റ് മരിച്ച 21 പേരിൽ വാക്സിൻ എടുത്ത 5 പേർ ഉണ്ടെന്ന സാഹചര്യത്തിൽ വാക്സിനെ സംബന്ധിച്ച് പൊതുവേയുണ്ടായ ആശങ്ക പരിഹരിക്കുന്നതിന് പ്രസ്തുത ബാച്ചിൽ പെട്ട വാക്സിൻ വീണ്ടും ഗുണനിലവാര പരിശോധനയ്ക്ക് അയക്കണമെന്ന് കെ.എം. എസ്.സി.എൽ -നോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമ്പോഴുള്ള ഒരു കീഴ് വഴക്കമാണ് ആ ബാച്ചിൽപ്പെട്ട ബാക്കി വാക്സിൻ പരിശോധനാ ഫലം വീണ്ടും വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത്. അതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്ന് കെ.എം. എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ഈ ബാച്ച് കേന്ദ്ര ഡ്രഗ്സ് ലബോറട്ടിയിൽ പരിശോധിച്ചിട്ടുള്ളതും ഗുണനിലവാര സർട്ടിഫിക്കറ്റ് നേരത്തെ തന്നെ ലഭ്യമായിട്ടുള്ളതുമാണ് (ബാച്ച് നമ്പർ KB 21002, സർട്ടിഫിക്കറ്റ് ഡേറ്റഡ് 24 Jan 2022) എന്നുള്ളതാണ് കെ.എം. എസ്.സി.എൽ. അറിയിച്ചിട്ടുള്ളത്. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ ഈ ബാച്ചിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ്, കെ.എം.എസ്.സി.എൽ. ലഭ്യമാക്കിയത് ഇതോടൊപ്പം വെയ്ക്കുന്നു.
ഗുണനിലവാര സർട്ടിഫിക്കറ്റുള്ള വാക്സിൻ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമ്പോൾ നടപടികൾ വേഗത്തിലാക്കാനാണ് കേന്ദ്രത്തിന്റെ സഹായം തേടിയത്. സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി വാക്സിനെടുത്ത വ്യക്തിയിലുള്ള ആന്റീ ബോഡി സാന്നിധ്യവും പരിശോധിക്കും.